ഗാസ: ഗാസയിൽ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. ജബാലിയയിലെ സ്കൂളിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.15 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.മരിച്ചവരിൽ കൂടുതൽ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായ അൽ-ഫാലൗജ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നിട്ടുണ്ട്. അൽ അഖ്സ ആശുപത്രിയിലും ഇസ്രായേൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ഗസ്സയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 41,534 പേർ മരിച്ചിട്ടുണ്ട്. 96,092 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണം; 15 പേർ കൊല്ലപ്പെട്ടു