അബുദാബി: ഗാസയിൽനിന്ന് 252 രോഗികളെയും കുടുംബാംഗങ്ങളെയും യുഎഇ അടിയന്തരമായി ഒഴിപ്പിച്ചു. ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിൽ എത്തിച്ചാണ് 2 പ്രത്യേക വിമാനങ്ങളിലായി ഇത്രയും പേരെ അബുദാബിയിൽ കൊണ്ടുവന്നത്. ഇതിൽ 97 പേരുടെ നില ഗുരുതരമാണ്. ഇതിനു പുറമെ അർബുദ രോഗികളെയും യുഎഇയിൽ എത്തിച്ച് മികച്ച ചികിത്സ ഉറപ്പാക്കുന്നു.
പരുക്കേറ്റ പലസ്തീൻകാർക്ക് വൈദ്യസഹായം നൽകാനുള്ള യുഎഇയുടെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നതാണ് ഒഴിപ്പിക്കൽ വിമാനങ്ങളെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് അടിയന്തര ഇടപെടൽ. രോഗികളെയും പരുക്കേറ്റവരെയും ഗാസ മുനമ്പിൽനിന്ന് ഒഴിപ്പിക്കാൻ യുഎഇ നൽകിയ പിന്തുണയ്ക്ക് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഗബ്രിയേസസ് നന്ദി പറഞ്ഞു. യുഎഇ ഇതുവരെ 1917 രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചു.