അബുദാബി: അരങ്ങ് സാംസ്‌കാരികവേദി ഓണാഘോഷം ഷൈനിങ് സ്റ്റാർ സ്കൂളിൽ എം. വിൻസെൻ്റ് MLA ഉദ്‌ഘാടനം ചെയ്‌തു. അബുദാബി മലയാളീ സമാജം പോഷക സംഘടന ഭാരവാഹികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഒരുമയും സ്നേഹവും നിറഞ്ഞതാണ് പ്രവാസ ലോകത്തെ ഓണാഘോഷങ്ങളെന്ന് കോവളം എം.എൽ.എ എം. വിൻസെൻ്റ് പറഞ്ഞു. പരസ്പര സഹകരണവും സ്നേഹവും നിറമേറുന്ന കാഴ്ചകളാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന പ്രവാസ ലോകത്തെ ഓണാഘോഷ പരിപാടികളിൽ കാണാൻ കഴിയുന്നത്. ഇത് ലോക മലയാളി സമൂഹത്തിന് മാതൃകയാണ്.
അരങ്ങ് സാംസ്കാരിക വേദി പ്രസിഡണ്ട് ദശപുത്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ.എം. അൻസാർ, അബുദാബി മലയാളി സമാജം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ യേശു ശീലൻ,അഭിലാഷ് പിള്ള, ചാറ്റാർജി എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി എം.എൽ.എ സനീഷ് കുമാറും ഓണാഘോഷ വേദിയിൽ പ്രത്യേക അതിഥിയായി പങ്കെടുത്തു. നാട്ടിൽ നിന്നും അകന്നു നിൽക്കുന്ന പ്രവാസി സഹോദരങ്ങളുടെ സഹവർത്തിത്വത്തിൻ്റെയും സ്നേഹത്തിൻ്റെയും വലിയ കാഴ്ചകളാണ് ഇത്തരം ആഘോഷവേദികളിൽ കാണാൻ കഴിയുന്നതെന്നും ഈ ഒരുമ ഒരിക്കലും കൈവിട്ടു കളയരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എണ്ണൂറിൽ പരം ആളുകൾ പങ്കെടുത്ത ഓണാഘോഷത്തിൽ മികവുറ്റ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളും, ഘോഷയാത്രയും ശിങ്കാരിമേളവും നാടൻ പാട്ടുകളും, വിഭവ സമൃദ്ധമായ ഓണസദ്യയും ജന പങ്കാളിത്തവും അരങ്ങ് സാംസ്കാരിക വേദിയുടെ ഓണാഘോഷത്തിന് ചടങ്ങിന് മികവേകിയെന്ന് സംഘാടകർ അറിയിച്ചു.