ദുബായ്: തിരുവോണദിനത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിനെ ഒരു കൊച്ചു കേരളമാക്കി നിഷ്‌ക ജ്വല്ലറി അവതരിപ്പിച്ച അക്കാഫ് അസോസിയേഷന്റെ 'വെസ്റ്റ് സോണ്‍ പൊന്നോണകാഴ്ച 2024' അരങ്ങേറി. രാവിലെ മുതല്‍ കേരളത്തിലെ പതിനാല് ജില്ലകളിലെയും 84 കോളേജുകളെ പ്രതിനിധാനം ചെയ്തു കൊണ്ട് പതിനായിരങ്ങളാണ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. പുരുഷകേസരി, മലയാളിമങ്ക, സിനിമാറ്റിക് ഡാന്‍സ്, അത്തപ്പൂക്കളം, പായസം മത്സരം, ഘോഷയാത്ര, നാടന്‍ പാട്ട്, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, നാടന്‍ കായിക മത്സരങ്ങള്‍ എന്നിവയില്‍ ആവേശത്തോടെയാണ് വിവിധ കോളജുകളെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തത്. അക്ഷരാര്‍ത്ഥത്തില്‍, ഈ ആഘോഷക്കൊഴുപ്പില്‍ ട്രേഡ് സെന്റര്‍ ഒരു ഉത്സവപ്പറമ്പായി മാറുകയായിരുന്നു.
രാവിലെ അക്കാഫ് അസോസിയേഷന്‍ പ്രസിഡണ്ട് പോള്‍ ടി ജോസഫ് നിലവിളക്ക് കൊളുത്തി പൊന്നോണകാഴ്ചയ്ക്ക് തിരശീല ഉയര്‍ത്തി.
ആനയും പഞ്ചവാദ്യവും പുലിക്കളിയും ചെണ്ടമേളവും മലയാളി മങ്കമാരുടെ തിരുവാതിരയും സിനിമാറ്റിക് ഡാന്‍സും നാടന്‍പാട്ടും പുരുഷ കേസരി - മലയാളി മങ്ക മത്സരങ്ങളും ആഘോഷത്തിന് കൊഴുപ്പേകി.
മലയാളി മങ്ക മത്സര ത്തില്‍ പങ്കെടുത്തവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു പ്രൗഢ ഗംഭീരമായ ട്രേഡ് സെന്ററിലെ മത്സരവേദി. റാംപില്‍ ചുവടുവയ്ക്കാന്‍ പ്രാഥമിക ഘട്ടത്തില്‍ നിന്നും ഫൈനല്‍ റൗണ്ടിലെത്തിയ 10 മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. സദസ്സിനെ വിസ്മയിപ്പിച്ചു കൊണ്ട് സുന്ദരിമാര്‍ റാംപിലെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് വിശ്വസുന്ദരി മത്സരവേദിയിലെത്തിയ അനുഭവമായി മാറി. ഒരോ സുന്ദരിയും ചടുലഭാവങ്ങളുമായി സ്റ്റേജില്‍ സംഗീതത്തിന്റെ അകമ്പടിയോടെ കടന്നുവന്നപ്പോള്‍ ട്രേഡ് സെന്റര്‍ സബീല്‍ ഹാള്‍ ഇളകിമറിഞ്ഞു. മലയാളി മങ്ക മത്സരത്തിന്റെത് പോലെ വീറും വാശിയും നിറഞ്ഞതായിരുന്നു പുരുഷ കേസരി മത്സരവും. സുന്ദരന്മാര്‍ സിക്‌സ് പാക്കും ചടുല നടനവുമായി റാംപില്‍ നടന്നു വന്നപ്പോള്‍ മത്സരം കാണാന്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു.
സിനിമാറ്റിക് ഡാന്‍സ് മത്സരം നടന്നപ്പോള്‍ സര്‍വ്വകലാശാല കലോത്സവത്തിലെ വീറും വാശിയും പ്രകടമായി. എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം. നൃത്തച്ചുവടുകളുമായി മത്സരാര്‍ത്ഥികള്‍ കണ്ടു നിന്നവര്‍ക്ക് നവ്യാനുഭൂതി സൃഷ്ടിച്ചു. മലയാളി മങ്ക മത്സരവും പുരുഷകേസരി മത്സരവും സിനിമാറ്റിക് ഡാന്‍സ് മത്സരവും സബീല്‍ ഹാളിന്റെ പ്രൗഡിക്കൊത്ത പ്രകടനമായിരുന്നു.
നൂറ്റമ്പതോളം കുട്ടികള്‍ ഒഴുകിയെത്തിയ പെയിന്റിംഗ് ആന്‍ഡ് ഡ്രോയിങ് മത്സരത്തില്‍ കുഞ്ഞിക്കൂട്ടത്തിന്റെ വര്‍ണ്ണഭാവനകള്‍ നിറഞ്ഞുനിന്നു. രുചിവൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പായസമത്സരത്തില്‍ അനേകം മത്സരാര്‍ത്ഥികള്‍ അവരുടെ രഹസ്യപാചകക്കൂട്ടുകളുമായെത്തി. വീറും വാശിയും പ്രകടമായ പൂക്കളമത്സരത്തില്‍ ഒന്നിനൊന്നു മെച്ചമായ മനോഹരമായ പൂക്കളങ്ങള്‍ നിരന്നപ്പോള്‍ പൂക്കള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ക്കുള്ള ഒരു ക്യാന്‍വാസായി വേള്‍ഡ് ട്രേഡ് സെന്റര്‍ മാറി.
വാരാന്ത്യ അവധി ദിനവും നബി ദിനത്തിന്റെ പൊതു അവധിയും തിരുവോണദിനവും ഒരുമിച്ച് വന്നതിനാല്‍ മലയാളികള്‍ ഒന്നടങ്കം വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തി. ഏകദേശം ഏഴായിരത്തിലധികം പേരാണ് മുപ്പതോളം വിഭവങ്ങളുമായി തൂശനിലയില്‍ വിളമ്പിയ ഓണസദ്യ കഴിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ ഓണസദ്യ വൈകുന്നേരം നാല് മണിവരെ തുടര്‍ന്നു. സദ്യക്കായി കാത്തുനിന്ന എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ഓണസദ്യ കമ്മിറ്റി അംഗങ്ങള്‍ ഹാളില്‍ നിന്നും ഇറങ്ങിയത്.
പിന്നീട് നടന്ന കോളേജുകളുടെ ഘോഷയാത്ര മത്സരത്തില്‍ എണ്‍പത്തിനാല് കോളജുകളാണ് മത്സരിച്ചത്. ഒന്നിനൊന്ന് മികച്ച, വിധികര്‍ത്താക്കളെ പോലും കുഴപ്പിച്ചുകൊണ്ടുള്ള കോളജുകളുടെ പ്രകടനം ട്രേഡ് സെന്ററിനെ പ്രകമ്പനം കൊള്ളിച്ചു. പോയകാലങ്ങളിലെ ക്യാമ്പസ്സുകളുടെ പരിച്ഛേദമായ ഘോഷയാത്രയില്‍ കൊമ്പും, കുഴല്‍വിളികളും, യഥാര്‍ത്ഥ ആനയുടെ വലിപ്പത്തിലുള്ള റോബോട്ടിക് ആനകളുമായാണ് പല കോളജുകളും ഘോഷയാത്രയില്‍ അണിനിരന്നത്. മണ്മറഞ്ഞു പോയ കേരളത്തിലെ മഹദ്വ്യക്തികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്കായി അവരുടെ ഛായാചിത്രവും ഘോഷയാത്രയില്‍ കടന്നുവന്നപ്പോള്‍ അതൊരു അനുസ്മരണമായി മാറി. കൂടെ മഹാബലിമാരും പ്രൗഡിയോടെ നടന്നു വന്നപ്പോള്‍ ശരിക്കും ട്രേഡ്സെന്റര്‍ സബീല്‍ ഹാള്‍ ഒരു കൊച്ചു കേരളമായി മാറി. നാടന്‍ കലാരൂപങ്ങളും, മോഹിനിയാട്ടവും, നൃത്ത ശില്പങ്ങളും, താള മേളങ്ങളും, പഞ്ചവാദ്യവും, ചെണ്ടമേളവും, ഒപ്പനയും, മാര്‍ഗ്ഗം കളിയും, തെയ്യവും, തിറയും തുടങ്ങി കേരളത്തിനു മാത്രം സ്വന്തമായുള്ള നിരവധി തനതു കലാരൂപങ്ങള്‍ ഘോഷയാത്രയുടെ ഭാഗമായപ്പോള്‍ കണ്ടു നിന്നവര്‍ക്ക് പൂരപ്പറമ്പിലെത്തിയ അനുഭൂതി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കോളേജുകള്‍ അണിനിരന്നപ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പരിച്ഛേദമായി മാറി ഘോഷയാത്ര മത്സരം. മലബാറിന്റെയും വള്ളുവനാടിന്റെയും മധ്യ തിരുവിതാംകൂറിന്റെയും തിരുവിതാംകൂറിന്റെയും സാംസ്‌കാരിക തനിമകള്‍ വിളിച്ചോതിയ ഘോഷയാത്ര ദുബായ് ട്രേഡ് സെന്റര്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധത്തിലായിരുന്നു കടന്നുപോയത്.
കേരളത്തിന്റെ തനതുകളികള്‍ വേദിയുടെ മറ്റൊരു വശത്ത് അരങ്ങേറിയപ്പോള്‍ ആയിരങ്ങളാണ് അതില്‍ പങ്കെടുക്കാനെത്തിയത്. ഓണക്കാലത്തെ നാടന്‍ കളികളായ ഉറിയടിയും പഞ്ചപിടിയും തലയിണയടിയും പഞ്ചപിടിയും എല്ലാം മനോഹരമായി പുനരവതരിപ്പിച്ചു. പതിനഞ്ചു മീറ്ററോളം നീളമുള്ള ഭീമന്‍ ഓണ ഊഞ്ഞാലില്‍ ആടുവാനായി നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
രൂപീകരണത്തിന്റെ 26 വര്‍ഷം പൂര്‍ത്തിയാക്കുന്ന അക്കാഫിന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബനുബന്ധിച്ച് സംഘടിപ്പിച്ച മാതൃവന്ദനത്തില്‍ പങ്കെടുക്കുവാന്‍ ദുബായിലെത്തിയ 26 അമ്മമാരെ ചടങ്ങില്‍ ആദരിച്ചു. മന്നത്ത് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മാതൃവന്ദനത്തില്‍ വിവിധ കോളജ് അലുംനികളും സഹകരിച്ചു. ദുബായില്‍ താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന പ്രവാസികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ, ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമാണ് അക്കാഫിന്റെ പൊന്നോണകാഴ്ചയുടെ ഭാഗമായുള്ള മാതൃവന്ദനത്തില്‍ സാക്ഷാല്‍ക്കരിച്ചത്. നെതര്‍ലാന്റ്‌സിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും, ദുബായിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായ ഡോ വേണു രാജാമണി മാതൃവന്ദനത്തിന്റെ സന്ദേശം നല്‍കി.
വൈകുന്നേരത്തെ സാംസ്‌കാരിക സമ്മേളനത്തില്‍ അക്കാഫ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ സതീഷ് കുമാര്‍ ശിവന്‍ പൊന്നോണകാഴ്ച ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി ഡി എ സീനിയര്‍ എക്‌സിക്യൂട്ടീവ് അഹ്‌മദ് അല്‍ സാബി, അക്കാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദീപു എ എസ്, ട്രഷറര്‍ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഖാലിദ് നവാബ് ദാദ് കോഡാ, ഷഹീന്‍ ദാഹി ഷാംമ്പി ജഹീ അല്‍ ബലൂഷി, മുഹമ്മദ് റഫീഖ്, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, ഷൈന്‍ ചന്ദ്രസേനന്‍, സാനു മാത്യു, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ ഡോ: ജയശ്രീ, എ വി ചന്ദ്രന്‍, അഡ്വ. സഞ്ജു കൃഷ്ണന്‍, ഫെബിന്‍ ജോണ്‍, മന്‍സൂര്‍ സി പി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍സംബന്ധിച്ചു. പൊന്നോണകാഴ്ച 2024 -നോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക ശ്രീ വേണു രാജാമണി പ്രകാശനം ചെയ്തു.
അക്ഷരാര്‍ത്ഥത്തില്‍ ട്രേഡ് സെന്റര്‍ സബീല്‍ ഹാള്‍ കേരളത്തിലെ കലാലയങ്ങളുടെ ഇന്റര്‍സോണ്‍ കലോത്സവ വേദിയാകുകയായിരുന്നു, ഞായറാഴ്ച. കോളേജ് ക്യാംപസ് വിട്ടിട്ടും പഴയ ഓര്‍മ്മകളുടെ തീരത്തണഞ്ഞ പോലെയായിരുന്നു അവിടെ എത്തിയ എല്ലാവരും. സര്‍വ്വകലാശാല തലത്തിലെ മത്സരങ്ങളുടെ ഓര്‍മ്മ പുതുക്കലായി മാറി അക്കാഫ് അസോസിയേഷന്റെ പൊന്നോണകാഴ്ച.
ഏകദേശം പതിനായിരത്തിലധികം പേരാണ് പൊന്നോണകാഴ്ച നേരില്‍ കണ്ടാസ്വദിക്കാന്‍ സബീല്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്.
വൈകിട്ട് സച്ചിന്‍ വാര്യര്‍, ആര്യ ദയാല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഗീതനിശ പൊന്നോണകാഴ്ചയ്ക്ക് മാറ്റു കൂട്ടി.