അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച; നാളെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ

അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷമായ പൊന്നോണക്കാഴ്ച 2024 ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

author-image
Anagha Rajeev
New Update
Onam celebrate
Listen to this article
0.75x 1x 1.5x
00:00 / 00:00

ദുബായ് : സുവർണ്ണ നഗരിയായ ദുബായുടെ സ്വപ്നവേദിയായ വേൾഡ് ട്രേഡ് സെന്ററിൽ തിരുവോണദിനത്തിൽ അക്കാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച അരങ്ങേറുന്നു. അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷമായ പൊന്നോണക്കാഴ്ച 2024 ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

 

സെപ്തംബർ 15നു രാവിലെ 8 മണിക്ക് പൊന്നോണനക്കാഴ്ചയുടെ തിരശീലയുയരും. തുടർന്ന് വിവിധ കോളജ് അലുമ്‌നി മെമ്പർമാർക്കായുള്ള അത്തപൂക്കള മത്സരം , സിനിമാറ്റിക് ഡാൻസ് , പായസം കോമ്പിറ്റീഷൻ , പുരുഷ കേസരി , ട്രഡീഷണൽ ഗെയിംസ്, മലയാളി മങ്ക മത്സരം , കൊളേജുകളുടെ സാംസ്‌കാരിക ഘോഷയാത്ര മത്സരം , കുട്ടികൾക്കായി പെയിന്റിങ് - ചിത്ര രചനാ മത്സരങ്ങൾ അരങ്ങേറും.

ഉച്ചയ്ക്ക് 11 മണിയോടു കൂടി ഓണസദ്യ ആരംഭിക്കും , ഏകദേശം പതിനായിരം പേരെയാണ് ഓണസദ്യയ്ക്ക് പ്രതീക്ഷിക്കുന്നത്. 

 

കേരളത്തിലെ കോളജ് ക്യാമ്പസുകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ദുബായ് ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള അക്കാഫ് അസോസിയേഷൻ, ഇത്തവണയും ഏറെ വ്യത്യസ്തമായ പരിപാടികളോടെയാണ് ഓണാഘോഷം നടത്തുന്നത്.

കേരളത്തിൽ നിന്നുമെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മാതൃവന്ദനമാണ് അതിലൊന്ന്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്. ദുബായിൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ,  

ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമാണ് അക്കാഫ് ന്റെ പൊന്നോണകാഴ്ച്ചയിൽ സാക്ഷാൽക്കരിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് , കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സ് എന്നിവരും വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും വിവിധ കോളജ് അലുംനികളും അക്കാഫ് അസോസിയേഷന്റെ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്.

 

വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ്സിൽ 

ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ , നെതർലാന്റ്സിലെ മുൻ ഇന്ത്യൻ അംബാസിഡറും ദുബായിലെ മുൻ ഇന്ത്യൻ കോൺസുൽ ജനറലുമായ ഡോ വേണു രാജാമണി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. 

സച്ചിൻ വാര്യർ, ആര്യ ദയാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബാൻഡിന്റെ സംഗീത നിശ ആഘോഷത്തിന് മാറ്റു കൂട്ടും. 

 

അക്കാഫ് അസോസിയേഷൻ പ്രസിഡണ്ട് പോൾ ടി ജോസഫ് , ജനറൽ സെക്രട്ടറി ദീപു എ എസ്‌ , ട്രഷറർ മുഹമ്മദ് നൗഷാദ് , വൈസ് പ്രസിഡണ്ട് വെങ്കിട് മോഹൻ , ജനറൽ കൺവീനർ ശങ്കർ നാരായൺ, ഡയറക്ർ ബോർഡ് മെമ്പർമാരായ മുഹമ്മദ് റഫീഖ് , മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു , ജോയിന്റ് ജനറൽ കൺവീനർമാരായ ഡോ ജയശ്രീ, എ വി ചന്ദ്രൻ, അഡ്വ സഞ്ജു കൃഷ്ണൻ , ഫെബിൻ ജോൺ, മൻസൂർ സി പി എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നൂറോളം പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് പൊന്നോണക്കാഴ്ചയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

Onam 2024