ദുബായ് : പ്രവാസികള്‍ വിവിധ സാംസ്‌കാരിക സംഘടനകള്‍ വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു. അമൃതകീര്‍ത്തി ആചാര്യശ്രീ രാജേഷ് നേതൃത്വം നല്‍കുന്ന ആചാര്യകുലം ദുബായുടെ ആഭിമുഖ്യത്തില്‍ മഹാസരസ്വതിയജ്ഞവും വിദ്യാരംഭവും ദുബായിലെ പേള്‍ വിസ്ഡം സ്‌കൂളില്‍ നടന്നു. രാവിലെ 7 ന് മഹാസരസ്വതി മണ്ഡപത്തില്‍ അഗ്‌നി തെളിയിച്ചതോടെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി. ഇരുനൂറോളം കുരുന്നുകള്‍ക്ക് ആചാര്യശ്രീ രാജേഷ്, നാവില്‍ ആദ്യാക്ഷര മന്ത്രദീക്ഷ നല്‍കി.
ദുബായ് ആചാര്യകുലം പ്രസിദ്ധീകരിയ്ക്കുന്ന സാരസ്വതം 2024 സ്മരണിക സദാനന്ദന്‍ മാസ്റ്ററിന് നല്‍കി ആചാര്യശ്രീ രാജേഷ് നിര്‍വഹിച്ചു. ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മലയാളം അദ്ധ്യാപകന്‍ രഘുനന്ദനന്‍ എന്നിവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, ജനറല്‍ സെക്രട്ടറി പി. ശ്രീപ്രകാശ്, ഖജാന്‍ജി ഷാജി ജോണ്‍, ജോ. സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.