കാരുണ്യം പെയ്തിറങ്ങിയ; പുണ്യറബീഹ് നിലാവ്

കൊടിയതാം അക്രമം ലഹരി മയം, അരാജകത്വം, ചൂതാട്ടം മാനവികതയ്ക്ക് ഒട്ടുമെ വിലയില്ലാ കാലമാം മക്ക.. കുടുംബത്തിൽ സന്തതി പെണ്ണായി പിറന്നാൽ ജീവനോടെ കുഴിച്ചുമൂടുന്ന ജീവ ദീനമെ ഇല്ലാക്കാലം

author-image
Anagha Rajeev
New Update
Nabhidinam
Listen to this article
0.75x 1x 1.5x
00:00 / 00:00

ബഷീർ വടകര

കാലത്തിൻറ കാഠിന്യത്തിൽ നിന്ന് തിരികെ സ്നേഹ കാരുണ്യത്തിന്റെ വസന്തത്തിലേക്ക് തിരിച്ചു പോകാൻ പുണ്യ റബീഹിൽ മീലാദുന്നബിയെ ( നബി യുടെ ജന്മദിനം ) വരവേറ്റുവല്ലോ മാനവ മനസ്സുകൾ...

 

കൊടിയതാം അക്രമം ലഹരി മയം, അരാജകത്വം, ചൂതാട്ടം മാനവികതയ്ക്ക് ഒട്ടുമെ വിലയില്ലാ കാലമാം മക്ക.. 

കുടുംബത്തിൽ സന്തതി പെണ്ണായി പിറന്നാൽ ജീവനോടെ കുഴിച്ചുമൂടുന്ന ജീവ ദീനമെ ഇല്ലാക്കാലം... 

 

ഇരുളാർന്ന കാലത്തിന് വെളിച്ചമായ് പിറന്ന ആമിനാബീവി തൻ ജന്മ സുകൃതമെ.... പോറ്റമ്മയാം അലീമ ബീവി ക്കൊപ്പം ആടിനെ മേക്കാൻ പോയ ലാളിത്യ നിഷ്കളങ്ക വദനമെ... ചന്ദ്രബിംബ പ്രശോഭിതമായൊളിയും അൽ അമീനെ... 

 

ഇറാ ഗുഹയുടെ ശാന്ത ഗഹ്വരത്തിൽ ദിവ്യമാം പ്രവാചകത്വം പകരാനണത്ത വിശുദ്ധ മാലാഖ ചിറകാർത്ത് നെഞ്ചോട് ചേർത്തനേരം ആകാശത്തുനിന്നുള്ള ഏടുകളിൽ ആദ്യവചനം "ഇഖ്റഹ് " എന്ന ഇറയോൻ സൂക്തമിൽ പൂത്ത നിർമ്മലതയെ...

 

അന്നാ ഗുഹയിൽ പ്രവാചകത്വത്തിൻ മഹാഗരിമ തൻ തണുത്ത ദീക്ഷയാൽ ഇളം പൈതൽ പോൽ വിറച്ചു പോയൊരങ്ങയെ പുതപ്പിട്ട് മൂടി ചേർത്തണച്ചല്ലോ പ്രിയ ധർമ്മപത്നിയാം ഖദീജ മഹതി...  

 

ദയാപരൻ പ്രപഞ്ചനാഥൻ തൻ അരുളപ്പാടാൽ "റഹ്മത്തുൽ ആലമീനെന്ന" (പ്രപഞ്ചത്തിനാകെ കാരുണ്യമായ) പ്രവാചകത്വത്തിൻ

മഹാ മകുടമേകിയ കാരുണ്യത്തിൻ തെളിനീരെ... വെളിച്ചത്തിൻ്റെ വെളിച്ചമെ... 'നിലക്കാത്ത സംസമെന്ന നീരുറവ പോൽ നിർഗളമായ് ഒഴുകും നിത്യ സത്യമെ ... 

സഹജന്റെ വദനമിൽ നോക്കി ചിരിക്കയാലത് പുണ്യ ദാനമാണെന്ന് പഠിപ്പിച്ച മഹാ മാനവ ദർശനമേ...

 

ഒട്ടകമേലിരുന്ന സ്തീയെ ചൂണ്ടി സ്ഫടികമാണ് സ്ഫടികമാണ് ഉടയാതെ ഉലയാതെ കാതരമായ് കാത്തോളണമെയെന്ന് ചെല്ലി സ്ത്രീത്വത്തിൻ്റെ മഹത്വത്തെ പ്രകീർത്തിച്ച മഹാനു ഭാവനെ സ്തീ വിമോചകനെ...

 

മാതാവിന്റെ കാൽക്കീഴിൽ തേടുക സ്വർഗ്ഗമെന്ന തിരിച്ചറിവ് നൽകിയ മഹാനുഭാവാ ... 

 

അനാഥരുടെ മുമ്പിൽ നിന്ന് കൊണ്ട് സനാതത്വത്തിൻ്റെ മേനി പ്രകടനമരുതെയെന്ന് വിലക്കിയ മുത്ത് നബീ വിശ്വവിശാരഥനെ...

 

അയൽവാസിയായ മനുഷ്യൻ പട്ടിണി കിടക്കയെങ്കിൽ വയറു നിറയെ ഉണ്ട് ഭുജിച്ചവൻ എൻ്റെ അനുചരനല്ലെന്ന സഹസഹവർത്തിത്വം പഠിപ്പിച്ച മഹാ വിപ്ലവകാരിയാം നബി മുത്ത് മുഹമ്മദ് സ :അഅലൈഹി വസല്ലം...

 

കുഞ്ഞു മക്കൾ പൂക്കളെ പോലെന്നും എന്നുമെന്നും വാടാതെ നോവാതെ വാത്സല്യമേകാൻ പിശുക്കരുതെന്ന് അരുളി നബി...

 

ചക്രവാളം പൊഴിഞ്ഞ് നാശത്തിലാവുമ്പോഴും കയ്യിൽ വിത്തൊന്നതുണ്ടെങ്കിൽ മണ്ണിൽ വിതക്കണെയെന്ന പാരിസ്ഥികവാദ മുയർത്തിയ പ്രവാചകരായവരെ...

 

കറു കറുത്ത നീഗ്രോ അടിമ ബിലാലിനെയും വെളുവെളുത്ത സവർണ്ണ ജന്മം സൽമാനുൽ ഫാരിസിയെയും ഒരേ പാത്രത്തിൽ ഊട്ടിയ പുണ്യ റബിഹിന്റെ കാരുണ്യമെ സലാം "സ്വല്ലല്ലാഹു അലൈഹിവസല്ലം"... 

 

ഏക ഇലാഹ എന്ന നേര് ചോരാതെ ചൊല്ലിയനേരം കല്ലായ കല്ലല്ലാമെടുത്ത് ഭ്രാന്തർ എറിഞ്ഞ നേരം ചോരപൊട്ടി വേദനിച്ചല്ലോ പൂമേനിയെങ്കിലും സഹാനുഭൂതിയാലന്നങ്ങ് പ്രാർത്ഥിച്ചതോ അറിവില്ലായ്മയാലെൻ്റെ ജനത്തിൻ അപരാധമെല്ലാം പൊറുക്കണേ കാക്കണേ തമ്പുരാനേ എന്നല്ലോ കാരുണ്യമേ അങ്ങ് പ്രാർത്ഥിച്ചത്...

 

അമീറാണെന്നാകിലും ഫക്കീറായി താണ്ടിയ ഹിജ്റയാൽ ദറജനേടി തിരികെയങ്ങ് വരും നേരം പാലായനത്തിൻ വിരഹ നോവുമായ് കാത്തിരുന്ന മദീനയുടെ മനതാരെല്ലാം ആനന്ദ കണ്ണീരോടെ വരവേറ്റ് പാടിയത് പോലെ... "

 

ത്വല അൽ ബദറു അലൈനാ... അങ്ങ് വരണേ "ഞങ്ങടെ ഹൃദയത്തിലും അങ്ങ് കുടിൽകെട്ടി താമസിക്കണേ... കാഠിന്യമാം ഈ കാലമിലും തരളിതമാക്കണേ മനം... പുണ്യ നബി മുത്ത് രത്നമെ (സ അ)...

 

festival