ദുരന്തമുഖത്തു നില്‍ക്കുന്ന മാനസികാരോഗ്യം

മാനസീക ആരോഗ്യത്തക്കുറിച്ച് പ്രാധാന്യത്തോടെ ചിന്തിക്കണെമെന്ന ഉദ്ദേശത്തില്‍ ലോകം മാനസിക ആരോഗ്യ ദിനം ആചരിച്ചുകൊണ്ട് പ്രസ്തുത വിഷയത്തിന്റെ ഗൗരവം അനുസ്മരിക്കാൻ ഒരു ദിനം തന്നെ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തത്...

author-image
Anagha Rajeev
New Update
Mental health

ബഷീർ വടകര

 

 

ഇന്നലെ ഒക്ടോബർ 10 ലോക മാനസിക ആരോഗ്യദിനം ആയിരുന്നു.

 

മാനസീക ആരോഗ്യത്തക്കുറിച്ച് പ്രാധാന്യത്തോടെ ചിന്തിക്കണെമെന്ന ഉദ്ദേശത്തില്‍ ലോകം മാനസിക ആരോഗ്യ ദിനം ആചരിച്ചുകൊണ്ട് പ്രസ്തുത വിഷയത്തിന്റെ ഗൗരവം അനുസ്മരിക്കാൻ ഒരു ദിനം തന്നെ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തത്...

 

മാനസികാരോഗ്യത്തെക്കുറിച്ച് ഒരു മലയാളി പക്ഷ വിശകലനത്തിലേക്ക് വരുമ്പോൾ നാം മലയാളികള്‍ സമ്പൂര്‍ണ്ണ സാക്ഷരതയുടെ കാര്യത്തിലും ശാരീരിക അവബോധത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണെന്ന് അഭിമാനിക്കുമ്പോള്‍ തന്നെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് മാത്രമല്ല ആശങ്കാജനകമാം വിധം ദുരന്തമുഖത്തെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

 

കാരണം ആത്മഹത്യയുടെ കാര്യത്തില്‍ ദേശീയ ശരാശരിയുടെ മൂന്ന് ഇരട്ടിയാണ് കേരളത്തില്‍ സംഭവിക്കുന്നത്. പ്രതിവര്‍ഷം പതിനായിരത്തിലധികം ആത്മഹത്യയാണ് കേരളത്തില്‍ നടക്കുന്നത് എന്ന് ഈ രംഗത്ത് പഠനം നടത്തിയ നാഷണല്‍ ക്രെയിം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

 

മാത്രവുമല്ല ഇരുപതിനായിരത്തിലധികം പേര്‍ ആത്മഹത്യ ശ്രമത്തിനിടയില്‍ കഷ്ടിച്ച് രക്ഷപ്പെട്ടവരുമാണത്രെ. 

ലക്ഷം പേര്‍ നിരന്തരം ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുമുണ്ടത്രെ. 

 

2013 കേരളത്തിൽ നടന്ന ആത്മഹത്യയുടെ കണക്ക് 8646 എങ്കിൽ 2024 ലെ പുതിയ കണക്ക് പ്രകാരം 27 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 

 

പന്തിയിലൊതുങ്ങാത്ത കൊമ്പനെപ്പോലെ ഈ പ്രവണത കേരളീയ സമൂഹത്തില്‍ വര്‍ധിക്കുകയാണ്. എന്താണിതിന്റെ കാരണമെന്ന് മനസ്സിലാക്കേണ്ടതും പരിഹാരം നിര്‍ദ്ദേശിക്കേണ്ടതും സാമൂഹിക സാംസ്‌കാരിക സംവിധാനങ്ങളുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും ഉത്തരവാദിത്വമായിരിക്കുകയാണ്.

 

മദ്യ മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ സർവ്വകാല റെക്കാർഡാണ് കേരളത്തിനുള്ളത്. 

കുടുംബ ബന്ധങ്ങളിലെ ശൈഥല്യങ്ങൾ താളപ്പിഴകൾ, സാമ്പത്തിക അസമത്വം,പലിശയുടെ കെട്ട് പാടുകൾ, വിലകൂടിയ രോഗ ചികിത്സാ ഭയം ,സഹകരണ സമ ഭാവനയില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ താൻ നിരാലംബനാണെന്ന മാനസീക ദൗർബല്യം, തൊഴിലില്ലായ്മ, ഭാരമേറിയ നിത്യജീവിത ചെലവുകൾ, രോഗഭയം ,കോവിഡ് ഉയർത്തിയ മനസിക ശാരീരിക വിഷമതകൾ, വാർത്ത മാധ്യമങ്ങളുടെ നേരിട്ട് അറിവുകളിൽ നിന്നുള്ള പലതരം ആശങ്കകൾ, കാലാവസ്ഥാ വ്യതിയാനം മൂലം കർഷകരും കൃഷിക്കാരും നേരിടുന്ന പ്രശ്നങ്ങൾ അടക്കം നിരാശയുടെയോ നിരാശ്രയത്വത്തിന്റെയോ പേരിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട ആത്മനാശത്തിലേക്ക് എടുത്തറിയപ്പെട്ട മനുഷ്യരുടെ ഗണ്യമായ വർദ്ധനവ് സമൂഹത്തിന്റെ മാനസികാരോഗ്യത്തെ താറുമാറാക്കിയിരിക്കുന്നു.

 

 ഒരുപാട് തരത്തിലുള്ള മനോജന്യ രോഗങ്ങള്‍ക്ക് മലയാളി ഇന്ന് അകപെട്ടിരിക്കുന്നു.

 

 കണ്ണ് ചെല്ലുന്നിടത്തെല്ലാം മനസ്സ് മേയാന്‍ തക്കവണ്ണം വര്‍ണ്ണ പ്രപഞ്ചം സൃഷ്ടിക്കുന്ന കൊളോണിയന്‍ വിപണിയുടെ കുരുക്കുകളില്‍ മറ്റാരേക്കാളും നാം അകപ്പട്ടിരിക്കുന്നു.  

 

ആഡംബര ഉത്പന്നങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനാണ് പഞ്ചാബ് പോലും രണ്ടാം സ്ഥാനത്താണ്.

 

ആഗ്രഹിക്കുന്നത് പലതും ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ ഓരോ നാടും വീടും ജീവിതാസക്തികള്‍ തൂങ്ങി മരിച്ച പ്രേത മന്ദിരങ്ങളാണ്. 

 

അയല്‍ക്കാരനെ അസൂയപ്പെടുത്തുന്ന വിധം ജീവിതമാഘോഷിക്കാന്‍ പഠിപ്പിക്കുന്ന ചാനല്‍ പരസ്യങ്ങളാണ് നമ്മെ ഭരിക്കുന്നത്.  

 

ഒപ്പം അനാവശ്യ ഔപചാരികതകളും കപട ബോധങ്ങളും നമ്മെ അതിക്രമിച്ചു കീഴടക്കിയിരിക്കുന്നു. സന്തോഷവും സന്താപവും പങ്കുവെച്ചും പങ്കുകൊണ്ടും ആരോഗ്യമുള്ള തുറന്ന സമൂഹമായി വികസിച്ച നമ്മുടെ നാട്ടുനന്മയുടെ ആ സംസ്‌കാരം അനാവശ്യ പൊങ്ങച്ചം കാരണം വഴിയിലെവിടെയാണ് കളഞ്ഞതെന്ന് ഓര്‍ത്തെടുക്കാന്‍ എനിയും വൈകരുത്... 

 

കാലം തീർത്ത ഈ ദശാസന്ധിയില്‍ വഴിനടക്കാന്‍ നമ്മുടെ മിത്തുകളും ചരിത്ര പാഠങ്ങളും പഴമക്കാരുടെ ലാളിത്യത്തിന്റെ ഒത്തൊരുമയുടെ നാട്ടുവഴക്കങ്ങളും മണ്‍ചിരാതുകളായി കൈയ്യിലേന്തണം. 

പുകൾ പെറ്റ ലാളിത്യ നന്മയെ പുനര്‍വിന്യാസം ചെയ്യാനും പുതിയ തലമുറയില്‍ അവബോധമുണര്‍ത്താനും പുരോഗമന പ്രസ്ഥാനങ്ങള ടക്കം ശ്രമിക്കേണ്ടതുണ്. 

 

കൂട്ടായ സഹവർത്തിത്വത്തിന്റെ ആശയങ്ങള്‍ വിദ്യാലയങ്ങളിലെ പാഠങ്ങളില്‍ പാഠഭേദമായ് മാറേണ്ടതുണ്ട്.

ചെറിയ കാര്യങ്ങളുടെ പേരില്‍ ജീവിതമൊടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അറിവുകള്‍ തിരിച്ചറിവുകളാവാത്തത് ജീവിതഗന്ധിയായ വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. 

 

വികാരങ്ങളുടെ പ്രഭവകേന്ദ്രമായ ഹൃദയവും വിചാരങ്ങളുടെ പ്രഭവകേന്ദ്രമായ മസ്തിഷ്‌ക്കവും സമന്വയിക്കുന്ന സമീപനം പുസ്തകങ്ങളിൽ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

 

വിദ്യാഭ്യാസമെന്ന പേരില്‍ അപകടരമായ ആസുരതകളും മത്സരബുദ്ധിയുമാണ് ബോധനം ചെയ്യുന്നത്.

മറ്റുള്ളവരുടെ മുമ്പിൽ ഓടി ആദ്യം എത്തി പണവും പ്രസക്തിയും എങ്ങനെ കൈക്കലാക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ അഭ്യാസമാണ് ഇന്നത്തെ വിദ്യാഭ്യാസം എന്ന നിലയിൽ അധ: പതിച്ചിരിക്കുന്നു.

 

ആയതിനാല്‍ പഠിച്ചിറങ്ങുന്നവര്‍ ജോലിയിലും ബിസിനസ്സിലും പഠിപ്പ് കൊണ്ട് നേടിയ പ്രസ്തുത വികാരത്തെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്.

സേവനം ചെയ്യപ്പെടേണ്ടുന്ന ആശുപത്രിയും സ്കൂളുകളടക്കം പുതിയ കച്ചവട തന്ത്രങ്ങൾ മെനഞ്ഞ് ഭീകര ചൂഷണ കേന്ദ്രങ്ങളായി ജനത്തിന്റെ കഴുത്തിന് കുരുക്കിടുന്നുണ്ട്...

 

ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നുള്ള നിലയിൽ എല്ലാ വ്യവഹാരങ്ങളും ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

വീണവനെ പിടിച്ചു എഴുന്നേൽപ്പിക്കാനോ സങ്കടപ്പെടുന്നവനെ ആശ്വസിപ്പിക്കാനോ പോകുന്നവൻ പഴഞ്ചനും സുന്ദരവിഡ്ഢിയുമാണ് എന്നാണ് പുതിയ ലോകത്തിൻ്റെ വിലയിരുത്തലും പുതിയ കീഴ് വഴക്കവും...

 

എന്തിനേറെ കലയും സാഹിത്യവും പത്രപ്രവര്‍ത്തനവും രാഷ്ട്രീയവുമടക്കം വിപണിക്ക് വേണ്ടി മാത്രമായപ്പോള്‍ മുലാധിഷ്ഠിതമായ ധർമ്മബോധത്തെക്കുറിച്ചും സ്‌നേഹനിരാസത്തെക്കുറിച്ചും മാനസിക ആരോഗ്യത്തെക്കുറിച്ചും വേർതിരിവിൻ്റെ

 കളങ്കമില്ലാതെ പറയാനും ചിന്തിക്കാനുമുള്ള വേദികള്‍ നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.

 

 ലോകത്തിന്റെ കലുഷിതമായ ഇന്നത്തെ ചുറ്റുപാടിൽ നിന്നുകൊണ്ട് മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ലോക മാനസിക ആരോഗ്യ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്.

 

തീവ്രമായ ജീവിതാനുഭവങ്ങൾ കൊണ്ട് പൊള്ളിപോയ സഹജീവികൾക്ക് "മനുഷ്യത്വത്തിന്റെ പേരിലുള്ള സ്നേഹ സ്പർശം നൽകുക" എന്നതാണ് ഏറ്റവും ഉദാത്തമായ പരിഹാരം എന്നത് ഓർത്തുകൊണ്ട് കടന്നുപോകുന്ന ഓരോ മാനസികാരോഗ്യ ദിനത്തെയും ഊഷ്മളമായി ഫലവത്താക്കാം നമുക്ക്....

 

ലോകാ സമസ്താ സുഖനോ ഭവന്തു..

 

mental health