ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷം ചർച്ചചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ. രാജ്യതലസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ദ്വിരാഷ്ട്ര പരിഹാര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും തീവ്രവാദത്തെ അപലപിക്കുന്നുവെന്നും ജയ്‌ശങ്കർ പറഞ്ഞു.
പശ്ചിമേഷ്യയിലെ സുസ്ഥിരതയ്ക്കുള്ള സുപ്രധാന ശക്തിയാണ് സൗദി അറേബ്യ. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് ഗാസയിലെ സംഘർഷം. നിരപരാധികൾ കൊല്ലപ്പെടുന്നത് വേദനിപ്പിക്കുന്നു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നു. ജയ്‌ശങ്കർ വ്യക്തമാക്കി.