ദുബായ് : സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പൂന്തോട്ടത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പടെ അഞ്ഞൂറിലധികം പേര്‍ പിങ്ക് ഹ്യൂമന്‍ റിബണ്‍ സേനയില്‍ പങ്കെടുത്തു. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നിര്‍ണായക പ്രാധാന്യത്തെ കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയാണിത്.
പിങ്ക് റിബണ്‍ രൂപീകരണത്തോടനുബന്ധിച്ച് സ്തനാര്‍ബുദ ബോധവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതിന് എഇഡി 299ന്, തുംബെ ഹെല്‍ത്ത് കെയര്‍ ഒരു സമഗ്ര ആരോഗ്യ പാക്കേജും പ്രഖ്യാപിച്ചു. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെ സന്ദര്‍ശിച്ച്, മാമോഗ്രാം സ്‌ക്രീനിംഗ് തുടങ്ങിയ ടെസ്റ്റുകള്‍ ലഭ്യമാകുന്ന പാക്കേജാണിത്. ഇസാദ് കാര്‍ഡ് ഉടമകള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ആഗോളതലത്തില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നാണ് സ്തനാര്‍ബുദം, യുഎഇയും ഇതിന് അപവാദമല്ല. ഗ്ലോബല്‍ കാന്‍സര്‍ ഒബ്സര്‍വേറ്ററിയുടെ കണക്കനുസരിച്ച്, ഈ മേഖലയില്‍ കണ്ടെത്തിയ ക്യാന്‍സറുകളില്‍ 21 ശതമാനവും സ്തനാര്‍ബുദമാണ്. ''കൂടുതല്‍ സങ്കീര്‍ണതകള്‍ തടയുന്നതിന് പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ ഓര്‍മ്മപ്പെടുത്തണമെന്ന് തുംബെ ഹെല്‍ത്ത് കെയര്‍ സിഇഒ ഡോ. മന്‍വീര്‍ സിംഗ് പറഞ്ഞു.
തുംബെ അഡ്വാന്‍സ്ഡ് കാന്‍സര്‍ സെന്റര്‍ അതിന്റെ ആരംഭം മുതല്‍ യുഎഇയിലെ കാന്‍സര്‍ പരിചരണത്തിന് നല്‍കുന്ന സേവനം ശ്ലാഖനീയമാണ്. അജ്മാനിലെ തുംബെ മെഡിസിറ്റിയിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ സൗകര്യം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ അക്കാദമിക് ഹെല്‍ത്ത് കെയര്‍ ശൃംഖലയായ തുംബെ ഹെല്‍ത്ത്കെയറിന്റെ ഭാഗമാണ്. നൂതന സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകള്‍, സമര്‍പ്പിത സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, സ്തനാര്‍ബുദ യൂണിറ്റ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നു.