ഷാർജാ : കുട്ടനാടിൻ്റെ വികസന പ്രക്രിയയിൽ പ്രവാസി മലയാളികളുടെ പങ്ക് അനിവാര്യമാണെന്നും, ചങ്ങനാശ്ശേരിയുടെയും കുട്ടനാടിൻ്റെയും സമഗ്ര പുരോഗതിയ്ക്കായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളിൽ പ്രവാസി സംരംഭകരും, പ്രവാസി സംഘടനകളും നൽകുന്ന പിന്തുണയും പ്രോൽസാഹനവും മാതൃകാപരമാണെന്ന് അഡ്വ.ജോബ് മൈക്കിൾ MLA പറഞ്ഞു.
"കുട്ടനാടിൻ്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം" - എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രവാസി കേരളാ കോൺഗ്‌സ് (എം) യു.എ.ഇ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സെമിനാർ അഡ്വ.ജോബ് മൈക്കിൾ MLA ഉദ്‌ഘാടനം ചെയ്‌തു.
ചങ്ങനാശ്ശേരിയുടെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ, പ്രവാസി മലയാളി സംഘടനകൾക്കും സംരംഭകർക്കും സർക്കാരുമായി സഹകരിച്ചു പ്രവർത്തിയ്ക്കാവുന്ന പദ്ധതികൾ, കുട്ടനാട്ടിലെ കാർഷിക വിഭവങ്ങളെ വിപണന സാദ്ധ്യതകളുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കുന്ന പ്രോജക്റ്റുകൾ, പ്രകൃതി രമണീയമായ ഭൂമിയുള്ള പ്രവാസി മലയാളികൾ സമർപ്പിയ്ക്കുന്ന ആഗ്രോ ടൂറിസം പദ്ധതികൾക്ക് സർക്കാർ നൽകുന്ന സഹായവും പ്രോത്സാഹനവും, വിഷരഹിത കൃഷിയും മൽസ്യ വളർത്തലും സംയോജിപ്പിച്ചുള്ള ചെറുകിട പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് UAE - ലെ പ്രവാസി സമൂഹവുമായി ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടന്ന സെമിനാറിൽ അഡ്വ. ജോബ് മൈക്കിൾ MLA വിശദീകരിച്ചു.
പ്രവാസി കേരളാ കോൺഗ്‌സ് (എം) യു.എ.ഇ ചാപ്റ്റർ പ്രസിഡണ്ട് ഷാജു പ്ലാത്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, ലോക കേരളാ സഭാംഗം മോഹനൻ പി, പ്രാണേഷ്, കേരളാ കോൺഗ്‌സ് (എം) സ്റ്റേറ്റ് സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഏബ്രഹാം.പി.സണ്ണി, ബെറ്റി ജെയിംസ്,കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം പി.ഐ മാത്യു,രാജേഷ് ആറ്റുമാലിൽ, ഡയസ് ഇടിക്കുള, ജോസ് ജോർജ്, റെജി സഖറിയ, സുബൈർ ടി, അനീഷ് റഹ്‌മാൻ, ബാബു കുരുവിള എന്നിവർ പ്രസംഗിച്ചു.
ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്ങരയും, യു.എ.ഇ - ലെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും അഡ്വ. ജോബ് മൈക്കിൾ MLA - യെ ആദരിച്ചു.