ബഷീർ വടകര
ലോകം ഇത്രയേറെ സംസ്കാരികമായി മാനവികമായി പുരോഗമിച്ചിട്ടും യുദ്ധമുഖത്തെ ക്രൂരതകൾക്ക് ഏറ്റവും കൂടുതൽ വിധേയരാവുന്നത് കുട്ടികളാണ്...
ലോകത്തിൻറെ പല ഭാഗത്തും കുട്ടികൾ അക്രമങ്ങൾക്ക് വിധേയരാകുന്നു...
ലെബനാനിലും ഇസ്രായേലിലും ഉക്രൈനിലും കലാപ കലുഷിതമായ ആഫ്രിക്കൻ രാജ്യങ്ങളിലും എല്ലാം സകലമാന യുദ്ധ ദുരന്തങ്ങളിലും കുട്ടികൾ ക്രൂശിക്കപ്പെടുന്നു...
യുദ്ധങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 12300 ഓളം കുട്ടികൾ ഫലസ്തീനിൽ കൊല്ലപ്പെട്ടതും
അറുപതിനായിരത്തോളം കുട്ടികൾക്ക് അംഗവൈകല്യം സംഭവിച്ചിരിക്കുന്നതുമെല്ലാം...
യുദ്ധവിമാനങ്ങളുടെ പറക്കലിലും തകർക്കപ്പെടുന്ന ബോംബിന്റെ പ്രഹര ശബ്ദത്തിലും കുഞ്ഞുമനസ് എല്ലാം ഉടഞ്ഞു പോയിരിക്കുന്നു...
കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ലോകാടിസ്ഥാനത്തിലുള്ള സംഘടനയായ യൂനിസെഫും യുഎന്നും എല്ലാം ഉള്ളപ്പോൾ തന്നെയാണ് മഹാ ക്രൂരതകൾക്ക് കുട്ടികൾ വിധേയമാകുമ്പോൾ കാര്യമായി ഒന്നും ചെയ്യാതെ കുട്ടികൾ പീഡിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതുമെല്ലാം...
നിഷ്കളങ്കമായ ചിരിയും പൂമ്പാറ്റകളെപ്പോലെ കുഞ്ഞുടുപ്പുകളുമുള്ള പൈതങ്ങളെ കൊല്ലാൻ കഴിയുന്ന ക്രൂരതയെക്കാൾ മഹാ അപരാധം എന്താണുള്ളത്...
ലോകത്തിൻെറ എല്ലാ ഭാഗത്തും നടക്കുന്ന എല്ലാ യുദ്ധങ്ങളെയും എല്ലാ അധിനിവേശങ്ങളെയും വെറുക്കുക..,
യുദ്ധ സാഹചര്യങ്ങളിൽ മുറിവേറ്റ കുട്ടികൾക്ക് ശരിയായ വൈദ്യസഹായം ലഭിക്കാതെ വിശപ്പു മാറ്റാൻ ഭക്ഷണം ലഭിക്കാതെ അന്തിയുറങ്ങാൻ വീടുകളില്ലാതെ ലോകത്ത് നരകിക്കുന്ന കുട്ടികൾ ഉണ്ടാകുമ്പോൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കാതെ, ശബ്ദിക്കാനാവാതെ നമ്മുടെ ധർമ്മാധർമ്മ വിവേചനങ്ങൾ എവിടെയോ ചോർന്നു പോയിരിക്കുന്നു...
വിദ്യാഭ്യാസം കൊണ്ടും സാംസ്കാരികമായ സിവിലൈസേഷൻ കൊണ്ടും ഈ ലോകം എന്താണ് നേടിയത് എന്ന് ചോദിക്കുമ്പോൾ നാം പഴയ പ്രാകൃത സമൂഹത്തെക്കാൾ നിലവാരമില്ലാത്തവരാണ് എന്ന് സ്വയം തോന്നി അപമാനം കൊണ്ട് തല താഴ്ത്തേണ്ടി വരുന്നത് ഇവിടെയാണ്...
ഒരു കാലത്ത് വംശീയ കലാപങ്ങൾ കൊടുംമ്പിരി കൊണ്ട ശ്രീലങ്കയിൽ ഒരുപാട് കുട്ടികൾ നരകയാതന അനുഭവിച്ചിരുന്നു...
ലോകത്ത് എവിടെയെല്ലാം യുദ്ധവും കലാപവും ഉണ്ടോ അവിടെയെല്ലാം ഇളം ശരീരവും നിഷ്കളങ്ക മനസ്സും മുറിവേറ്റു പിടയുമ്പോൾ എത്ര ദുഃഖകരമാണ് മനുഷ്യൻെറ സ്വാർത്ഥതയും യുദ്ധകൊതിയും ഉണ്ടാക്കുന്ന വേദനകൾ...
"ലോകത്തിലെ ഏറ്റവും ചെറിയ ശവപേടകമാണ് ഏറ്റവും ഭാരമുള്ള ശവ പേടകം "
ഏണസ്റ്റ് ഹെമിംഗ് വെ..