അതിമനോഹാരിത ഒളിയിരിക്കുന്ന ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ശനിയാഴ്ചമുതല്‍ സന്ദര്‍ശകർക്കായി തുറക്കും. വൈവിധ്യങ്ങളായ കാഴ്ചകളാണ് 13-ാം പതിപ്പിലുമുള്ളത്. യു.എ.ഇ.യിലെ താമസക്കാരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 60 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്.
ലോകത്തിലെ ഏറ്റവുംവലിയ പ്രകൃതിദത്ത പൂന്തോട്ടമായ മിറാക്കിള്‍ ഗാര്‍ഡനില്‍ 120 ഇനങ്ങളിലുള്ള 15 കോടിയിലേറെ പൂക്കളുണ്ട്. അഞ്ചുലക്ഷത്തിലേറെ പൂക്കളില്‍ നിര്‍മിച്ച എമിറേറ്റ്സ് എ 380 വിമാനം പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
വൈവിധ്യമാര്‍ന്ന പൂക്കള്‍കൊണ്ടൊരുക്കിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മൃഗങ്ങളും പക്ഷികളും കൊട്ടാരവുമെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ദുബായ് ലാന്‍ഡിലാണ് ഈ അത്ഭുത പൂന്തോട്ടം സ്ഥിതിചെയ്യുന്നത്. തിങ്കള്‍മുതല്‍ വെള്ളിവരെ രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയും ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധിദിനങ്ങളിലും ഒന്‍പതുമുതല്‍ രാത്രി 11 വരെയുമാണ് സന്ദര്‍ശനസമയം.
ശൈത്യകാലം ആരംഭിച്ചതോടെ ദുബായിലെ പ്രധാന വിനോദ ആകര്‍ഷണങ്ങളായ ദുബായ് സഫാരി പാര്‍ക്കും ഗ്ലോബല്‍ വില്ലേജും പുതിയ പതിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് സഫാരി പാര്‍ക്ക് ചൊവ്വാഴ്ചയും ഗ്ലോബല്‍ വില്ലേജ് അടുത്തമാസം 16-നുമാണ് തുറക്കുക.
മിറാക്കിള്‍ ഗാര്‍ഡനിലെ വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകരായ മുതിര്‍ന്നവര്‍ 100 ദിര്‍ഹവും കുട്ടികള്‍ 85 ദിര്‍ഹവുമാണ് നല്‍കേണ്ടത്. മൂന്നുവയസ്സില്‍ത്താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.