ഡാന ചുഴലിക്കാറ്റ് കര തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ഡാന കരതൊട്ടത്. ചുഴലിക്കാറ്റ് വടക്കന്‍ ഒഡിഷ തീരം പിന്നിട്ടു. ദിവസങ്ങള്‍ നീണ്ട ജാഗ്രതയ്‌ക്കൊടുവില്‍ വ്യാഴാഴ്ച രാത്രിയാണ് ഡാന കരതൊട്ടത്. ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങള്‍ കനത്ത മഴയുടെയും കൊടുങ്കാറ്റിന്റെയും പിടിയിലാണ്.
തീരദേശ ജില്ലകളായ ഭദ്രക്, കേന്ദ്രപാറ, ബാലസോര്‍, സമീപ ജില്ലയായ ജഗദ്‌സിംഗ്പുര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ കാറ്റാണ് വീശിയത്. കൊടുങ്കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ എത്തി. കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും ഈ ജില്ലകളില്‍ പെയ്തിറങ്ങി.
ഡാന ഒഡിഷയുടെ വടക്ക്, തെക്കുപടിഞ്ഞാറേ ദിശയിലേക്ക് വീശി ഉച്ചയോടെ ശക്തി കുറയുമെന്നാണ് കരുതുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും മിന്നല്‍ പ്രളയ മുന്നറിയിപ്പുമുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ അതീവ ജാഗ്രതയിലാണ്. രണ്ടു സംസ്ഥാനങ്ങളിലെയും വ്യോമ ഗതാഗതം നിര്‍ത്തിവച്ചു. കനത്ത മഴയും ചുഴലിക്കാറ്റും തുടരവേ മരങ്ങള്‍ കടപുഴകി വീണു. എന്നാല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.