കേരളത്തിൽ അതിശക്തമായ മഴ ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

ഡാന ചുഴലിക്കാറ്റ് ഒഡീഷയിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയും കൊടുങ്കാറ്റും വിതച്ചുമുന്നേറുന്നു. കേരളത്തിലും മഴ തകര്‍ത്തു പെയ്യുകയാണ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
JK

ഡാന ചുഴലിക്കാറ്റ് ഒഡീഷയിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയും കൊടുങ്കാറ്റും വിതച്ചുമുന്നേറുന്നു. കേരളത്തിലും മഴ തകര്‍ത്തു പെയ്യുകയാണ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഞായറാഴ്ചയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍  ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോട്ടയത്ത് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച വരെയാണ് നിയന്ത്രണം.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഈരാറ്റുപേട്ട  വാഗമണ്‍ റോഡിലെയും മലയോര മേഖലയിലെയും രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ജില്ലയില്‍ ഖനനത്തിനും നിരോധനം ഏര്‍പ്പെടുത്തി.

തെക്കന്‍ കേരളത്തില്‍ മണിക്കൂറുകളായി നിര്‍ത്താതെ മഴ പെയ്യുകയാണ്. മലയോര മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരമേഖലയിലും വെള്ളം കയറി.

നെയ്യാറ്റിന്‍കര, പാറശ്ശാല, പൊഴിയൂര്‍, മലയോര മേഖലകളിലും കനത്ത മഴ, തുടരുകയാണ്. ശക്തമായ മഴ ഉള്ളതിനാല്‍, പൊന്മുടി , കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചു.

കൊല്ലത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. തെന്മല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്തത്.

കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. കാക്കനാട്, തൃക്കാക്കര, കളമശേരി മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

kerala kerala weather weather update heavy rainfall