തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രികയിൽ പരാതി ഉന്നയിച്ച് യു ഡി എഫ്. പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതി നൽകിയത്.
680 രൂപ മാത്രമാണ് 2021-2022 വര്‍ഷത്തില്‍ ആദായനികുതി പരിധിയില്‍ വന്ന വരുമാനം എന്നാണ് സത്യവാങ്മൂലത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.കൂടാതെ 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അവനി ബന്‍സാലും കോണ്‍ഗ്രസും ആരോപിക്കുന്നത്.
രാജീവ് ചന്ദ്രേശഖര്‍ ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും വെളിപ്പെടുത്തിട്ടില്ലെന്ന് ആരോപിച്ച അവാനി ബന്‍സാല്‍ വസ്തു നികുതി അദ്ദേഹം അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവാനി ബന്‍സാല്‍ അറിയിച്ചു.പിന്നാലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ തിരുവനന്തപുരത്ത് പത്രികകളുടെ സൂക്ഷമ പരിശോധന നടത്തിയതിന് ശേഷം ഒമ്പത് പേരുടെ പത്രിക തള്ളിയിട്ടുണ്ട്. സിഎസ്‌ഐ മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഭാര്യയുടെ പത്രികയടക്കമാണ് തള്ളിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറടക്കമുള്ള പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിക്കുകയും ചെയ്തു.