ന്യൂഡൽഹി: സർവകലാശാലകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്ക് മാനദണ്ഡമാക്കാൻ യു.ജി.സി.ബുധനാഴ്ച ഇതുസംബന്ധിച്ച് യു.ജി.സി ഉത്തരവിറക്കി.മാർച്ച് 13 ന് ചേർന്ന യോഗത്തിൽ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, 2024-2025 അധ്യയന വർഷം മുതൽ പിഎച്ച്.ഡി പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികൾക്ക് നെറ്റ് സ്കോർ ഉപയോഗിക്കാം.
നിലവിൽ രാജ്യത്ത് വിവിധ സർവകലാശാലകൾ തങ്ങളുടെ പിച്ച്.ഡി പ്രവേശനത്തിന് പ്രത്യേകം പരീക്ഷകൾ നടത്തുന്നുണ്ട്. ഇത് കാരണം പിച്ച്.ഡി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിവിധ പരീക്ഷകൾ എഴുതേണ്ടിവരുന്നു.ഇത്തരത്തിലുള്ള പരീക്ഷകൾ ഏകീകരിക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻറെ കൂടി ഭാഗമായി പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നതെന്ന് യു.ജി.സി അറിയിച്ചു.
വരുന്ന ജൂൺ മുതൽ മൂന്നു വിഭാഗങ്ങളായാണ് നെറ്റ് യോഗ്യത നേടാനാവുക. ഒന്ന് -പിഎച്ച്.ഡി പ്രവേശനത്തിനും ജെ.ആർ.എഫിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം. രണ്ട്- ജെ.ആർ.എഫില്ലാതെ പിഎച്ച്.ഡി പ്രവേശനത്തിനും കോളജ് അധ്യാപകനാകാനും യോഗ്യത നേടാം. മൂന്ന്-പിഎച്ച്.ഡി പ്രവേശനത്തിന് മാത്രം യോഗ്യത. നെറ്റ് ഫലം പെർസന്റയിലിൽ പ്രഖ്യാപിക്കും. ജെ.ആർ.എഫ് യോഗ്യത നേടിയ വിദ്യാർഥികൾക്ക് അഭിമുഖം വഴിയായിരിക്കും പിഎച്ച്.ഡിക്ക് പ്രവേശനം നൽകുക. മുകളിൽ പറഞ്ഞ രണ്ടും മൂന്നും വിഭാഗത്തിൽ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്കിന് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് നൽകും.
എല്ലാ വർഷവും ജൂണിലും ഡിസംബറിലുമായാണ് യു.ജി.സി കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റ് നടത്താറ്. നെറ്റ് ഫലം പ്രസിദ്ധീകരിച്ച് ഒരു വർഷത്തേക്കാണ് പിഎച്ച്.ഡി പ്രവേശനം നേടാൻ മാർക്കിന് കാലാവധിയുണ്ടാകുക. 2024 ജൂണിലെ നെറ്റ് പരീക്ഷയുടെ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നും യു.ജി.സി അറിയിച്ചു.