കര്‍ണാടകയില്‍ ഇനി 5, 8, 9 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷയില്ല

ഈ ക്ലാസുകളില്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധു ബംഗാരപ്പ വെളളിയാഴ്ച അറിയിച്ചു.

author-image
Prana
New Update
exam

കര്‍ണാടക സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 5,8, 9 ക്ലാസുകളില്‍ ഇനി പരീക്ഷയില്ല. ഈ ക്ലാസുകളില്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധു ബംഗാരപ്പ വെളളിയാഴ്ച അറിയിച്ചു. പരീക്ഷ സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനത്തിന്റെ തീരുമാനം. ബോര്‍ഡ് പരീക്ഷകള്‍ക്ക് പകരമായി 5,8, 9 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സമ്മേറ്റീവ് അസ്സെസ്‌മെന്റ്2 (ടഅ2) ഉം ക്ലാസ് 11 ലെ വിദ്യാര്‍ഥികള്‍ക്കായി വാര്‍ഷിക പരീക്ഷയും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
5,8,9 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷ നടത്തേണ്ട എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതായും നിര്‍ദേശം മുഖവിലയ്‌ക്കെടുത്ത് ഈ ക്ലാസുകള്‍ക്കായി നടത്തിയ പരീക്ഷയുടെ ഫലം തടഞ്ഞുവെച്ചതായും ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചതായും ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായും മധു ബംഗാരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. പരീക്ഷാ നടത്തിപ്പിനും പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ഭയം, ഉത്കണ്ഠ തുടങ്ങിയവ ദൂരീകരിക്കുന്നതിനുമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടപടികള്‍ കൈക്കൊണ്ടതായും ബംഗാരപ്പ കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അന്തിമവിധി എന്തുതന്നെയായാലും സംസ്ഥാന സര്‍ക്കാര്‍ അതനുസരിക്കാന്‍ ബാധ്യസ്ഥമാണെന്നും ബംഗാരപ്പ പറഞ്ഞു.
202324 അക്കാദമിക വര്‍ഷത്തിലാണ് എസ്.എ.2 ന് പകരം പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമായത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വകാര്യ സ്‌കൂള്‍ സംഘടനകള്‍ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച് ആറിന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പരീക്ഷകള്‍ തടഞ്ഞു. എന്നാല്‍ മാര്‍ച്ച് 22ന് 5, 8,9,11 ക്ലാസുകളില്‍ പരീക്ഷ നടത്താന്‍ അനുവദിച്ച് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സ്വകാര്യസ്‌കൂള്‍ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.

exam education karnataka department of education