പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ ‘ദിശ’ ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 4 മുതൽ 8 വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പരിപാടി 5ന് രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മേളയുടെ ആദ്യദിനമായ 4ന് രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് പതാക ഉയർത്തും. ഉപരിപഠനത്തിന്റെ സാധ്യതകളിലേക്ക് മാർഗദർശിയാകുന്ന ദിശയുടെ ഭാഗമായി ദേശീയ - അന്തർദേശീയ തലത്തിലെ എഴുപതോളം മികച്ച സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഒരുക്കുക.
കേന്ദ്ര, സംസ്ഥാന സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും. ക്യാമ്പസുകൾ, കോഴ്സുകൾ, പഠനരീതി, പ്രവേശന നടപടികൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്കും നേരിട്ടറിയാനും സംശയം ദൂരീകരിക്കാനും മേള അവസരമൊരുക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ മേള നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കും.
മീഡിയ, വിദേശ പഠനം, സാഹിത്യം, സിവിൽ സർവ്വീസ്, കരിയറിലെ പുതിയ ട്രെൻഡുകൾ, ഡിസൈൻ, ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കുമുള്ള തുടർപഠന, തൊഴിൽ മേഖലകളെക്കുറിച്ചുള്ള പ്രത്യേക സെഷൻ, സൈബർ ലോകത്തെ സാധ്യതകളേയും സുരക്ഷയേയും കുറിച്ചുള്ള സെഷൻ, ലിബറൽ ആർട്ട്സ്, ഫിലിം, സ്പോട്സ്, സോഷ്യൽ മീഡിയയിലെ തൊഴിൽ സാധ്യതകൾ, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിൽ വിദഗ്ധർ നേതൃത്വം നൽകുന്ന സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്.