ചിക്കബെല്ലാപ്പൂര്: ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള യുവതിയുടെ സൗഹൃദത്തില്‍ സുഹൃത്തിന്റെ ഭാര്യയ്ക്ക് സംശയം. യുവതിയെ കൊലപ്പെടുത്താന്‍ സുഹൃത്തിന്റെ ഭാര്യ ക്വട്ടേഷന്‍ നല്കി. യുവതിയെ നിരീക്ഷിച്ച് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി, കുഴിച്ച് മൂടി ക്വട്ടേഷന്‍ സംഘം മടങ്ങി. എന്നാല്‍ തിരികെയെത്തി യുവതി. കര്‍ണാടകയിലെ ചിക്കബെല്ലാപ്പൂരിലാണ് അസാധാരണ സംഭവങ്ങള്‍.
35കാരിയായ അര്‍ച്ചനയെന്ന യോഗാ ടീച്ചറാണ് ക്വട്ടേഷന്‍ സംഘം 'കൊലപ്പെടുത്തി' കുഴിച്ച് മൂടിയിട്ടും തിരികെയെത്തി അക്രമികളെ കുടുക്കിയത്. ചിക്കബെല്ലാപ്പൂരിലെ വനമേഖലയിലാണ് അക്രമി സംഘം യുവതിയെ കൊന്ന് കുഴിച്ച് മൂടിയ ശേഷം സ്ഥലം മരച്ചില്ലകള്‍ കൊണ്ട് മൂടി രക്ഷപ്പെട്ടത്. അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ സന്തോഷുമായി യുവതിക്കുള്ള സൌഹൃദത്തേക്കുറിച്ച് സംശയം സന്തോഷിന്റെ ഭാര്യ ബിന്ദുവിന് തോന്നിയ സംശയമാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന പരിചയപ്പെടുത്തിയ ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവിനെയും പങ്കാളികളേയും സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സതീഷ് റെഡ്ഡിയെന്ന ക്രിമിനലിന് അര്‍ച്ചനയെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ബിന്ദുവാണ് നല്‍കിയത്. ക്വട്ടേഷന്‍ അനുസരിച്ച അര്ച്ചനേയെ നിരീക്ഷിച്ച സതീഷ് റെഡ്ഡി യോഗ പഠിക്കാനെന്ന പേരില്‍ അര്‍ച്ചനയുമായി പരിചയപ്പെട്ടു. അര്‍ച്ചനയുടെ വിശ്വാസം നേടിയ ശേഷം ഇയാള്‍ യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ചിക്കബെല്ലാപ്പൂരിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഘം രക്ഷപ്പെടാനുള്ള തിടുക്കത്തിനിടെ ആഴം കുറഞ്ഞ കുഴിയെടുത്തതാണ് യോഗ അധ്യാപിക കൂടിയായ അര്‍ച്ചനയ്ക്ക് രക്ഷയായത്.
കൊലപാതക ശ്രമം വ്യക്തമായതോടെ യോഗാ അധ്യാപിക ശ്വാസം നിയന്ത്രിച്ചതോടെ ഇവര്‍ മരിച്ചുവെന്ന ധാരണയിലാണ് ക്വട്ടേഷന്‍ സംഘം ഇവരെ കുഴിച്ച് മൂടിയത്. കൊലപാതക സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിനിടയില്‍ അധ്യാപികയുടെ ആഭരണങ്ങളും എടുത്ത് സംഘം മുങ്ങി. എന്നാല്‍ യുവതിയെ ജീവനോടെയാണ് മറവ് ചെയ്തതെന്ന് യുവതി പൊലീസ് സഹായം തേടിയപ്പോള്‍ മാത്രമാണ് പ്രതികള്‍ തിരിച്ചറിയുന്നത്. അക്രമി സംഘം സ്ഥലത്ത് നിന്ന് മടങ്ങിയതോടെ യുവതി ശ്വാസം വീണ്ടെടുത്ത് ആഴമില്ലാത്ത കുഴിയില്‍ നിന്ന് മണ്ണ് നീക്കി പുറത്ത് വന്ന് സുരക്ഷിത സ്ഥാനത്തെത്തി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷന്‍ അടക്കമുള്ള വിവരം പുറത്ത് വന്നത്.