കണ്ണൂർ : പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും.
ശ്യാംജിത്തുമായുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിൻറെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി കൊലപാതകം നടത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ആ സമയം റെക്കോർഡ് ചെയ്‌ത 13 സെക്കന്‍റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
2022 ഒക്ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ്സംഭവമുണ്ടായത്. വിഷ്ണുപ്രിയ മരിച്ച ശേഷവും ശ്യാംജിത്ത് ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി പെൺകുട്ടി അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചിരുന്നു. വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.