തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ.അജിത്കുമാറിന്റെ കുടുംബക്ഷേത്രമായ മണക്കാട് മാരിയമ്മൻ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരി പയറ്റുവിള കോട്ടുകാൽ സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരുമാസം മുൻപാണ് മണക്കാട് മാരിയമ്മൻ ക്ഷേത്ര ഭാരവാഹികൾ മോഷണം കണ്ടെത്തുന്നത്. ക്ഷേത്ര ശ്രീകോവിലിലെ ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂന്ന് പവന്റെ മാല, അഞ്ച് ഗ്രാമിന്റെ ഒരു ജോഡി കമ്മൽ, മൂന്ന് ഗ്രാമിന്റെ ചന്ദ്രക്കല എന്നിവയാണ് മോഷണം പോയത്. വിഗ്രഹത്തിലുണ്ടായിരുന്ന മാലയുടെ കൊളുത്തുകൾ പൊട്ടിക്കിടക്കുന്നത് കണ്ടപ്പോൾ കമ്മിറ്റിക്കാർ നടത്തിയ അന്വേഷണത്തിൽ ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.
തുടർന്ന് പൂജാരി അരുണിനെ കമ്മിറ്റിക്കാർ ചോദ്യം ചെയ്തു. പണത്തിന് അത്യാവശ്യം വന്നപ്പോൾ എടുത്തതാണെന്നും തിരികെ നൽകാമെന്നും പരാതിയാക്കരുതെന്നും അരുൺ അപേക്ഷിച്ചു. ആഭരണങ്ങൾ പണയംവെച്ചു എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ അടുത്ത ദിവസം മുതൽ ഇയാൾ പൂജക്ക് എത്താതാവുകയും ഫോൺ ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു. തുടർന്നാണ് ശനിയാഴ്ച കമ്മിറ്റിക്കാർ പരാതിയുമായി ഫോർട്ട് പോലീസിനെ സമീപിച്ചത്.
ഞായറാഴ്ച ഫോർട്ട് സ്‌റ്റേഷൻ എസ്.എച്ച്.ഒ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നാലാഞ്ചിറ ഭാഗത്ത് ഒളിവിൽകഴിഞ്ഞ ഇയാളെ പിടികൂടുകയായിരുന്നു. ആഭരണങ്ങളിൽ ചിലത് ചാലയിലെ സ്വർണക്കടയിൽ വിറ്റതായി ഇയാൾ പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂണിൽ പൂന്തുറയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇതേ പൂജാരിയെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ആ സംഭവത്തിൽ പ്രതിഷേധങ്ങളെ തുടർന്ന് സി.ഐ.യെ സ്ഥലം മാറ്റിയിരുന്നു.