സുഗന്ധഗിരി മരം മുറിച്ചു കടത്തൽ: കൽപ്പറ്റ റേഞ്ച് ഓഫിസറെ സസ്‌പെൻഡ് ചെയ്തു

കേസുമായി ബന്ധപ്പെട്ട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

author-image
Rajesh T L
Updated On
New Update
suganthagiri

വയനാട് സുഗന്ധഗിരിയിൽ വെട്ടിയിട്ട മരങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്:  സുഗന്ധഗിരി വന ഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയകേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപത്തേയും  വിജിലൻസ് അന്വേഷണ റിപ്പോർട്ടിൻറെയും അടിസ്ഥാനത്തിലാണ്  എപിസിസിഎഫ് പ്രമോദ് ജി.കൃഷ്ണൻറെ ഉത്തരവ്. സംഭവത്തിൽ ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് വനം ജീവനക്കാർ ആണ് കാണിച്ചു കൊടുത്തതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 

പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ തടി കടത്തി , യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങൾ റിപ്പോർട്ടിൽ പറയുന്നു.

kerala forest department suganthagiri forest