ഒട്ടാവ: കാനഡയെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ വില്ലി പിക്ടണ്‍ (റോബര്‍ട്ട് പിക്ടണ്‍) ജയിലില്‍ കൊല്ലപ്പെട്ടു. മെയ് 19 ന് ക്യൂബെക്കിലെ പോര്‍ട്ട്-കാര്‍ട്ടിയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 71-ാം വയസ്സിലായിരുന്നു മരണം. റോബര്‍ട്ട് പിക്ടണ്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 26 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ഇയാള്‍ 2007ലാണ് ശിക്ഷിക്കപ്പെട്ടത്.
വാന്‍കൂവറിലെ പോര്‍ട്ട് കോക്വിറ്റ്ലാമില്‍ പന്നി കര്‍ഷകനായിരുന്നു ഇയാള്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഞെട്ടിപ്പിക്കുന്ന അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അമ്പതോളം സ്ത്രീകളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ലൈംഗിക തൊഴിലളികളും മയക്കുമരുന്നിന് അടിമകളുമായിരുന്നു കൊല്ലപ്പെട്ട സ്ത്രീകളിലേറെയും. കൊലപാതകത്തിന് ശേഷം മൃതദേഹം പന്നികള്‍ക്ക് തീറ്റയായി നല്‍കുകയായിരുന്നു ഇയാളുടെ പതിവ്. 1980 നും 2001 നും ഇടയില്‍ വാന്‍കൂവറിലെ ഡൗണ്ടൗണ്‍ ഈസ്റ്റ്‌സൈഡ് പരിസരത്ത് നിന്ന് 70 ഓളം സ്ത്രീകളെയാണ് കാണാതായത്.
പണവും മയക്കുമരുന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ ക്ഷണിച്ചത്. 2008-ലെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം, ഇയാള്‍ കൊന്നുവെന്ന് അവകാശപ്പെടുന്ന 49 പേരില്‍ 33 സ്ത്രീകളുടെ അവശിഷ്ടങ്ങളോ ഡിഎന്‍എയോ അദ്ദേഹത്തിന്റെ ഫാമില്‍ നിന്ന് കണ്ടെത്തി. ഇയാളുടെ ഫാമില്‍ നിന്ന് തലയോട്ടികളും കാലുകളും ഉള്‍പ്പെടെയുള്ള മനുഷ്യാവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വിചാരണയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ഇരകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിനെക്കുറിച്ചും അവരുടെ അവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും രഹസ്യ ഉദ്യോഗസ്ഥനോട് പറഞ്ഞതും പുറത്തുവന്നിരുന്നു. ഇയാളുടെ ഫാമില്‍ നിന്ന് പന്നിയിറച്ചി വാങ്ങിയവരോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിചാരണ വേളയില്‍ റോബര്‍ട്ട് പിക്ടണ്‍ തന്റെ കുറ്റകൃത്യങ്ങള്‍ നിഷേധിച്ചു. രഹസ്യ ഉദ്യോഗസ്ഥനുമായുള്ള ടേപ്പ് സംഭാഷണത്തില്‍, താന്‍ ഇതിനകം 49 സ്ത്രീകളെ കൊന്നിട്ടുണ്ടെന്നും 50 ഇരകളുടെ കൊലപാതകമാണ് ലക്ഷ്യമിടുന്നതെന്നും ഇയാള്‍ പറയുന്നു.