പെരിന്തല്‍മണ്ണ: ബെംഗളൂരുവില്‍ നിന്ന് കാറിന്റെ എന്‍ജിന് അടിയിലെ അറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 104 ഗ്രാം എം.ഡി.എം.എ.യുമായി എയ്ഡഡ് എല്‍.പി.സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍(39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്.
ഇരുവരും കാറില്‍ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന്, അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ച് ഉദ്യോഗസ്ഥർ കൈകാണിച്ചു. നിർത്താതെ മുന്നോട്ടെടുത്തതോടെ പോലീസ് വാഹനം കുറുകെയിട്ട് വാഹനം നിർത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് എം.ഡി.എം.എ. കണ്ടെടുത്തത്.
ബെംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ദാവൂദ് ഷമീലിന്റെ കൂടെയാണ് ഷാനിദ് ജോലി ചെയ്തിരുന്നത്. ബെംഗളൂരുവില്‍ ജോലിയുടെ ഭാഗമായി പോയിവരുന്നതിന്റെ മറവിലാണ് അമിതലാഭം ലക്ഷ്യമിട്ട് ലഹരിക്കടത്തിലേക്ക് ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്.ഐ. സതീശന്‍, പെരിന്തല്‍മണ്ണ, മലപ്പുറം ഡാന്‍സാഫ് ടീമുകളും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.