മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വര്‍ണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുല്‍, ഖലീഫ, അന്‍സല്‍, ജിജില്‍ എന്നിവരാണ് കരിപ്പൂര്‍ വിമാനത്താവള പരിസരത്തു വെച്ച് പോലീസിന്റെ പിടിയിലായത്.
കുവൈറ്റില്‍ നിന്നും എത്തിയ പന്നിയൂര്‍കുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ സംഘം പദ്ധതിയിട്ടത്. അമലിന്റെ പഴയ സുഹൃത്ത് കൂടിയായ രാഹുലാണ് അമലിനെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. ഇത് കണ്ട് സംശയം തോന്നിയ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വര്‍ണ്ണ കവര്‍ച്ചയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അറിഞ്ഞത്.
നാട്ടിലേക്ക് വരുമ്പോള്‍ താന്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുമെന്ന് അമല്‍ രാഹുലിനോട് പറഞ്ഞിരുന്നു. ഇതു രാഹുല്‍ മറ്റു നാലുപേരോടും പറഞ്ഞിരുന്നു. തുടര്‍ന്നാണ് സംഘം സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടത്.