വയനാട്: ബാവലി എക്സൈസ് ചെക്ക്‌പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ ടി.വി. നിയാസ് (30), ഇ. മുഹമ്മദ് അമ്രാസ് (24) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ടീമും ബാവലി എക്സൈസ് ചെക്ക്‌പോസ്റ്റ് ടീമും എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും ചേർന്ന് ബുധനാഴ്ച ഉച്ചയ്ക്കു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
നിയാസിന്റെ പോക്കറ്റിൽ 52.34 ഗ്രാം എം.ഡി.എം.എ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറിന്റെ ഹാൻഡ് റെസ്റ്റിന്റെ താഴ്ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം എം.ഡി.എയും കണ്ടെത്തി. എം.ഡി.എം.എയും നിയാസിന്റെ ഉടമസ്ഥതയിലുള്ള കാറും മൂന്ന് മൊബൈൽ ഫോണുകളും ഒരു ഐ പാഡും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഇവരെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. കണ്ണൂരിലേക്ക് ചില്ലറ വില്പന നടത്തുന്നതിനാണ് ഇരുവരും എം.ഡി.എം.എ. കടത്തിയതെന്നും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.