കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. സംഭവത്തിൽ സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ അവിവാഹിതയായ മകളെയും അമ്മയെയും പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയേക്കും.
കുഞ്ഞിൻറെ മൃതദേഹം വലിച്ചെറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇവിടെ താമസിക്കുന്ന ബിസിനസുകാരൻ, ഭാര്യ, മകൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും അവൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പ്രസവിച്ച ഉടൻ തന്നെയാണു കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്നാണു കരുതുന്നത്.
സംഭവത്തിൽ പൊലീസ് സമീപത്തെ ഫ്ലാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിൻറെ കൊറിയർ വന്ന ഒരു കവറിലാണ്. ഈ കവർ രക്തത്തിൽ കുതിർന്ന നിലിലായിരുന്നു. കവറിലെ ബാർകോഡ് സ്കാൻ ചെയ്തെടുത്താണു പൊലീസ് അഡ്രെസ്സ് കണ്ടെത്തിയതും തുടർന്ന് ഫ്ലാറ്റിലേക്ക് എത്തിയതും. അതേസമയം, ഈ ഫ്ളാറ്റിന്റെ ഉടമസ്ഥൻ അല്ല, വാടകയ്ക്ക് വീട് എടുത്തവരാണ് ഇവിടെ താമസിക്കുന്നത് എന്നാണ് സൂചന.
ഇന്നു രാവിലെ 8.15ന് കൊറിയർ കവറിൽ പൊതിഞ്ഞ നിലയിൽ ചോരക്കുഞ്ഞിൻറെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്നു മനസ്സിലായി. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി വരികയാണ്.