തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന അഖില്‍, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനി രണ്ട് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലി(22)നെ കൊലപ്പെടുത്തിയത്. പിടിയിലായ അനീഷിനെ ഇന്ന് ചോദ്യം ചെയ്യും. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിക്കും.
കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരണ്‍ കൃഷ്ണയുമായുള്ള തര്‍ക്കമാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അനീഷാണ് വാഹനം വായകയ്ക്ക് നല്‍കിയത്. അപ്പു എന്ന അഖിലിനെ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് കിരണാണ്. കേസില്‍ നേരിട്ട് പങ്കുള്ള രണ്ട് പേര്‍ ഒളിവിലാണ്. വിനീഷ്, സുമേഷ് എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.
2019-ല്‍ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവര്‍ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും. കൊല്ലപ്പെട്ട അനന്തുവും അഖിലും തമ്മില്‍ ബന്ധമില്ല. കൊല്ലപ്പെട്ട അഖിലിനെതിരെ ക്രിമിനില്‍ കേസുകളില്ല.
അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികള്‍ ഇരുമ്പ് കമ്പി കൊണ്ട് നിരവധി തവണ അഖിലിന്റെ തലയ്ക്കടിക്കുന്നതും, അഖില്‍ മരിച്ചു എന്ന് ഉറപ്പാക്കാന്‍ നിരവധിതവണ കല്ലെടുത്ത് എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.