കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

കോസ്‌മോസ് എന്നായിരുന്നു കുഞ്ഞിന്‍റെ പേര്. സൂര്യപ്രകാശത്തിൽ കാണിച്ചാൽ കുഞ്ഞിന് അമാനുഷിക കഴിവുകൾ ലഭിക്കുമെന്ന് ഇൻഫ്ലുവൻസർ വിശ്വസിച്ചിരുന്നു

author-image
Sukumaran Mani
New Update
Russian blogger

Kosmos

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്കോ: ആഹാരം നൽകാതെ സൂര്യപ്രകാശം മാത്രം നൽകിയതിന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവുശിക്ഷ. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ ലഭിച്ചത്.  

കോസ്‌മോസ് എന്നായിരുന്നു കുഞ്ഞിന്‍റെ പേര്. സൂര്യപ്രകാശത്തിൽ കാണിച്ചാൽ കുഞ്ഞിന് അമാനുഷിക കഴിവുകൾ ലഭിക്കുമെന്ന് ല്യൂട്ടി വിശ്വസിച്ചിരുന്നു. എന്നാൽ പോഷകാഹാരക്കുറവും ന്യുമോണിയയും ബാധിച്ച് സോചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിച്ചു. കോസ്മോസ് ജനിച്ചത് വീട്ടിലായിരുന്നു. ഭാര്യ ഒക്സാന മിറോനോവയ്ക്ക് പ്രസവ വേദന വന്നപ്പോള്‍ ആശുപത്രിയിൽ കൊണ്ടുപോവാൻ ല്യൂട്ടി തയ്യാറായിരുന്നില്ല. 

സൂര്യപ്രകാശത്തിൽ നിന്ന് കുഞ്ഞിന് ആവശ്യമായ ഊർജ്ജം ലഭിക്കുമെന്നാണ് ല്യൂട്ടി വിശ്വസിച്ചിരുന്നത്. കുഞ്ഞിന് മുലപ്പാൽ നൽകാൻ ഒക്സാനയെ ല്യുട്ടി അനുവദിച്ചില്ല. ഒക്സാന രഹസ്യമായി കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിച്ചു. പക്ഷേ അവൾക്ക് ല്യുട്ടിയെ ഭയമായിരുന്നുവെന്ന് ബന്ധു പറയുന്നു. മറ്റ് ഭക്ഷണമൊന്നുമില്ലാതെ സൂര്യപ്രകാശം കൊണ്ടുമാത്രം ജീവിക്കാൻ കഴിയുമെന്ന് തെളിയിക്കാനായി കുഞ്ഞിനെ വെച്ച് ഇയാള്‍ പരീക്ഷണം നടത്തുകയായിരുന്നുവെന്നാണ് പരാതി. കുഞ്ഞിന് വേണ്ട ചികിത്സ നൽകാനും ല്യുട്ടി തയ്യാറായില്ല. കുഞ്ഞിനെ തണുത്ത വെള്ളത്തിലാണ് കുളിപ്പിച്ചിരുന്നത്. 

ല്യൂട്ടിക്ക് ഭ്രാന്താണെന്ന് നേരത്തെ പറഞ്ഞതാണെന്നും ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഒക്സാനയുടെ അമ്മ ഗാലിന പറഞ്ഞു. ഒക്സാന ഗിനി പന്നിയെപ്പോലെയാണ് അവിടെ താമസിച്ചിരുന്നതെന്ന് ഗാലിന പറഞ്ഞു. അവൾ പലതവണ ഇറങ്ങിവരാൻ ആഗ്രഹിച്ചെങ്കിലും ല്യൂട്ടി  സമ്മതിച്ചില്ലെന്ന് മറ്റൊരു ബന്ധു പറഞ്ഞു. സൂര്യപ്രകാശം മാത്രം ഭക്ഷിക്കുന്ന ഒരു മനുഷ്യനായി മകനെ വളർത്താൻ ല്യൂട്ടി ആഗ്രഹിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. 

പോഷകാഹാരക്കുറവുള്ള കോസ്‌മോസിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഒന്നര കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്‍റെ ഭാരം. തുടർന്ന് കുഞ്ഞിന്‍റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. താനാണ് മകന്‍റെ മരണത്തിന് കാരണമെന്ന് ല്യൂട്ടി വിചാരണക്കിടെ കുറ്റസമ്മതം നടത്തിയിരുന്നു. ജയിലിൽ എത്തിയതോടെ 48 കാരനായ ല്യുട്ടി തന്‍റെ വിശ്വാസങ്ങൾ ഉപേക്ഷിച്ചു, സമ്പൂർണ സസ്യാഹാരി ആയിരുന്ന ല്യൂട്ടി നോണ്‍ വെജ് ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി.  

russia social media influencer influencer