കൊല്ലം : കൊല്ലം കടയ്ക്കല്‍ തച്ചോണത്ത് മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ സുഹൃത്തിന്റെ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ പ്രതി പിടിയില്‍. തച്ചോണം സ്വദേശി പ്രവീണ്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീണ്‍ കുമാറിന്റെ ഫോണില്‍ വീഡിയോ കോള്‍ വിളിക്കുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇവിടെ എത്തിയ യുവതി ഭര്‍ത്താവിമായി വഴക്കിടുകയായിരുന്നു.
സ്‌കൂട്ടറിലെത്തിയ യുവതി ഭര്‍ത്താവില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങിയതിന് പിന്നാലെ കുടുംബ പ്രശ്‌നത്തിലുള്ള ഭര്‍ത്താവും ഭാര്യയും തമ്മില്‍ റോഡില്‍ വെച്ച് വാക്കേറ്റമായി. യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുമ്പോള്‍ തൊട്ടടുത്ത് പ്രവീണ്‍ കുമാറുമുണ്ടായിരുന്നു. യുവതി പിടിച്ചെടുത്തത് തന്റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.
അതിനിടയില്‍ ഫോണ്‍ വേണമെങ്കില്‍ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവ് വാഹനത്തില്‍ കയറി മുങ്ങി. ഇതിന് പിന്നാലെ യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തര്‍ക്കമായി. തര്‍ക്കത്തിനിടെ പ്രവീണ്‍ യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച് പരുക്കേല്‍പ്പിച്ചതിനും കേസെടുത്തായിരുന്നു പ്രവീണിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.