ലഖ്നൗ: ബലാത്സംഗക്കേസില്‍ തെറ്റായ മൊഴി നല്‍കിയതിന് യുവതിയെ കോടതി ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലെ കോടതിയാണ് 21-കാരിയെ നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും തടവിന് ശിക്ഷിച്ചത്.
ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ് തന്നെ യുവതിയും തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. ഇതിനുപുറമേ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി യുവതി തടവ് അനുഭവിക്കണം.
യുവതിയെ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും ആരോപിച്ച് 2019-ലാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗക്കേസില്‍ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണയ്ക്കിടെ ഇരയായ യുവതി നേരത്തെ നല്‍കിയ മൊഴി മാറ്റി. 25-കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള വാദവും നിഷേധിച്ചു. ഇതോടെയാണ് തെറ്റായ മൊഴി നല്‍കിയതിനും വ്യാജ തെളിവുണ്ടാക്കിയതിനും ഐ.പി.സി. 195 പ്രകാരം യുവതിക്കെതിരേ കേസെടുത്തത്.
യുവതി മൊഴി മാറ്റിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന 25-കാരനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2019 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഏപ്രില്‍ എട്ടുവരെയാണ് ബലാത്സംഗക്കേസില്‍ പ്രതിയായി 25-കാരന്‍ ജയിലില്‍ കിടന്നത്.