ലണ്ടന്‍ : ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ നഗരത്തിലെ ക്ലിഫ്റ്റണ്‍ തൂക്കുപാലത്തില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ രണ്ട് സ്യൂട്ട്‌കെയ്‌സുകള്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി പാലത്തിന് മുകളില്‍ സംശയാസ്പദമായി നില്‍ക്കുന്ന ഒരാളെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. സമീപത്തു നിന്ന് മറ്റൊരു സ്യൂട്ട്‌കെയ്‌സും സമാന രീതിയില്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. സംഭവത്തില്‍ അവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്യൂട്ട്‌കേസുകള്‍ പാലത്തിലെത്തിച്ച വ്യക്തിയെ കണ്ടെത്തുക, മൃതദേഹങ്ങള്‍ തിരിച്ചറിയുക, മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുക എന്നിവയാണ് നിലവില്‍ അന്വേഷണസംഘം പ്രാഥമികമായി ലക്ഷ്യമിടുന്നതെന്ന് ആക്ടിങ് ബ്രിസ്റ്റോള്‍ കമാന്‍ഡര്‍ വിക്‌സ് ഹേവാര്‍ഡ്-മെലന്‍ അറിയിച്ചു.
സംശയാസ്പദമായ രീതിയില്‍ പാലത്തില്‍ കണ്ടെത്തിയ വ്യക്തിയെ കൊണ്ടുപോയ ടാക്‌സി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ ടാക്‌സിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രശസ്ത എന്‍ജിനീയര്‍ ഇസംബാര്‍ഡ് കിംഗ്ഡം ബ്രൂണലറുടെ രൂപകല്‍പനയുടെ അടിസ്ഥാനത്തില്‍ 1864-ല്‍ നിര്‍മിച്ചതാണ് ക്ലിഫ്റ്റണ്‍ തൂക്കുപാലം.