40 ദിവസം പ്രായമുള്ള കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു; പ്രതികൾ പിടിയിൽ

തുക വീതംവെക്കുന്നതിൽ സന്തോഷും നിത്യയും തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്.

author-image
Vishnupriya
New Update
baby foot

ഈറോഡ്: ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ പരാതിയിലാണ് പോലീസ് നടപടി.

കുഞ്ഞിന്റെ അച്ഛൻ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാർ (28), ഇടനിലക്കാരായ പെരിയസെമ്മൂർ സ്വദേശികളായ എസ്. രാധ (39), ആർ. ശെൽവി (47), ജി. രേവതി (35), ലക്ഷ്മിനഗർ സ്വദേശി എ. സിദ്ധിക്കബാനു (44) എന്നിവരാണ് പോലീസ് പിടിയിലായത്. കേസിൽ ആറുപ്രതികൾ കൂടിയുണ്ട്. അവർക്കായി അന്വേഷണം നടക്കുന്നു.

നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. സന്തോഷ്‌ ഇടനിലക്കാരെ കണ്ടെത്തുകയും അവർവഴി നാഗർകോവിലിലുള്ള ദമ്പതിമാർക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വിൽക്കുകയായിരുന്നു. തുക വീതംവെക്കുന്നതിൽ സന്തോഷും നിത്യയും തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്.

സന്തോഷ് തുകയുടെ വലിയഭാഗം തട്ടിയെടുത്തതോടെ നിത്യ പോലിസിനെ സമീപിക്കുകയും കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോലീസ് സംഘം പിന്നീട് നാഗർകോവിലിൽച്ചെന്ന് കുഞ്ഞിനെ വീണ്ടെടുത്തു. സന്തോഷും രാധയും നിരവധി ​കേസുകളിൽ പ്രതികളാണ്‌.

baby Crime