ന്യൂഡല്‍ഹി: ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസ് സംരംഭം ഏറ്റെടുക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. 2048 കോടി രൂപയുടേതാണ് ഇടപാടെന്നാണ് വിവരം. ഈ വിഭാഗത്തിന്റെ 100 ശതമാനം ഓഹരികളും സൊമാറ്റോയ്ക്ക് വില്‍ക്കുമെന്ന് പേടിഎം അറിയിച്ചു. പേടിഎമ്മിന്റെ വിനോദ ടിക്കറ്റ് ബിസിനസ് ടീമില്‍ ജോലി ചെയ്യുന്ന 280 ജീവനക്കാരെയും സൊമാറ്റോയിലേക്ക് മാറ്റും. അതേ സമയം, സിനിമ ടിക്കറ്റുകള്‍, സ്‌പോര്‍ട്‌സ്, ഇവന്റ് ടിക്കറ്റുകള്‍ എന്നിവ അടുത്ത 12 മാസത്തേക്ക് പേടിഎം ആപ്പില്‍ തുടര്‍ന്നും ലഭ്യമാകും.
പേടിഎമ്മുമായുള്ള കരാര്‍ ഉറപ്പിച്ചതോടെ ഫുഡ് ഡെലിവറിക്ക് പുറമേ, സിനിമാ ടിക്കറ്റ് ബുക്കിംഗ് , രാജ്യത്തുടനീളമുള്ള വിവിധ പരിപാടികള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍ എന്നിവ സൊമാറ്റോ വഴി ലഭ്യമാകും. അതേസമയം പേടിഎമ്മിന്റെ ഓഹരി വില 5 ശതമാനത്തിലധികം ഉയര്‍ന്നു. പേടിഎം ഓഹരികള്‍ 604.45 രൂപയായി ഉയര്‍ന്നപ്പോള്‍ സൊമാറ്റോ 2.71 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 267 രൂപയിലെത്തി.