ന്യൂഡൽഹി: ജീവനക്കാർ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും പഠിക്കാൻ ഒരു ദിവസത്തേക്ക് ഡെലിവറി ഏജന്റായി മാറി സോമറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ. അദ്ദേഹത്തിനൊപ്പം ഭാര്യ ഗ്രേഷ്യ മുനോസിയുമുണ്ടായിരുന്നു. ഡെലിവറി ഏജന്റായി ജോലി ചെയ്തപ്പോൾ തനിക്കുണ്ടായ അനുഭവം സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം കുറിച്ചു.
ഭക്ഷണ വിതരണത്തിനായി ഗുഡ്ഗാവ് മാളിൽ എത്തിയപ്പോൾ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നും ഗോയൽ പറഞ്ഞു. ലിഫ്റ്റ് അല്ലെങ്കിൽ എക്‌സലേറ്റർ ഉപയോഗിക്കേണ്ട എന്നും സ്റ്റെപ് വഴി കയറാമെന്നും പറഞ്ഞതായി സൊമാറ്റോ സിഇഒ പറഞ്ഞു. സൊമാറ്റോ ഡെലിവറി ബോയിയുടെ ചുവന്ന യൂണിഫോമിൽ പ്രധാന വാതിലിലൂടെ പ്രവേശനം സാധ്യമല്ല എന്നും ദീപീന്ദർ പറഞ്ഞു. ഇതിന്റെ ഒരു വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
മൂന്നാം നിലയിൽ സ്റ്റെപ്പ് കയറി എത്തിയപ്പോൾ അഭിമുഖീകരിച്ചത് അതിലും ദയനീയമായ കാര്യമായിരുന്നു. ഡെലിവറി പങ്കാളികൾക്ക് മാളിൽ പ്രവേശിക്കാൻ കഴിയില്ല. ഓർഡറുകൾ സ്വീകരിക്കാൻ ഗോവണിപ്പടിയിൽ കാത്തിരിക്കണമെന്നും സൊമാറ്റോ സിഇഒ പറയുന്നു. ഫുഡ് ഓർഡർ എടുക്കാൻ കാത്തിരിക്കുന്ന മറ്റ് ഡെലിവറി ബോയ്‌സിനൊപ്പം നിലത്തിരുന്ന് അവരുമായി ചാറ്റ് ചെയ്യുന്ന ഗോയലിൻ്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
തൻ്റെ ജീവനക്കാർ നേരിടുന്ന ദൈനംദിന വെല്ലുവിളികൾ മനസിലാക്കാൻ ഒരു ദിവസം ഡെലിവറി ഏജന്റായി ജോലി ചെയ്‌തെന്നും സൊമാറ്റോ സിഇഒ പറഞ്ഞു "എല്ലാ ഡെലിവറി പങ്കാളികളുടെയും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ മാളുകളുമായുള്ള ബന്ധം മികച്ചതാക്കണമെന്നു ഞാൻ മനസിലാക്കി. ഡെലിവറി പങ്കാളികളോട് മാളുകൾ കൂടുതൽ മാനുഷികമായി പെരുമാറേണ്ടതുണ്ട്." എന്ന് സൊമാറ്റോ സിഇഒ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.