ഇന്‍ഫോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവറിന് കരാറായി

ബെംഗളുരു ആസ്ഥാനമായ പ്രമുഖ കെട്ടിടനിര്‍മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്ററുമായി സഹകരിച്ചാണ് മൂന്നാമത്തെ ടവര്‍ പണിയുന്നത്. 1.55 ഏക്കര്‍ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലം പുതിയ ഓഫീസുകള്‍ക്കായി ലഭിക്കും.

author-image
anumol ps
New Update
info

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ടത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും ഒപ്പിട്ട കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ കൈമാറുന്നു  

Listen to this article
0.75x 1x 1.5x
00:00 / 00:00




കൊച്ചി: ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നിലെ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും കരാറില്‍ ഒപ്പിട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ-കയര്‍-നിയമമന്ത്രി പി രാജീവ്, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ബ്രിഗേഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം ആര്‍ ജയശങ്കര്‍, ജോയിന്റ് മാനേജ്മന്റ് ഡയറക്ടര്‍ നിരുപ ശങ്കര്‍, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബെംഗളുരു ആസ്ഥാനമായ പ്രമുഖ കെട്ടിടനിര്‍മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്ററുമായി സഹകരിച്ചാണ് മൂന്നാമത്തെ ടവര്‍ പണിയുന്നത്. 1.55 ഏക്കര്‍ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലം പുതിയ ഓഫീസുകള്‍ക്കായി ലഭിക്കും. ഇതിലൂടെ 2700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആറ് നിലകളിലെ കാര്‍ പാര്‍ക്കിംഗ് അടക്കം പതിനാറ് നിലകളായാണ് മൂന്നാമത്തെ ടവര്‍ വരുന്നത്. മൂന്നു വര്‍ഷം കൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. സെസ് ഇതര സ്ഥലത്താണ് കെട്ടിടം വരുന്നത്. 150 കോടി രൂപ നിക്ഷേപമാണ് ഇതിലൂടെ നടക്കുന്നത്.

ഇന്‍ഫോപാര്‍ക്കില്‍ 2016-ന് ശേഷം 583 പുതിയ കമ്പനികള്‍ സ്ഥാപിക്കുകയും ഇതുവരെ എഴുപത്തിനായിരത്തില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവര്‍ വരുന്നത് ഇന്‍ഫോപാര്‍ക്കിലെ വികസനത്തിനു മാത്രമല്ല ഐ ടി രംഗത്ത് കേരളത്തിന്റെ കുതിപ്പിനു വേഗം കൂട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫോപാര്‍ക്കിലെ നോണ്‍-സെസ് വിഭാഗത്തില്‍ ആവശ്യക്കാരേറെയാണെന്ന് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ബ്രിഗേഡിന്റെ പുതിയ പദ്ധതി വരുന്നതോടു കൂടി സംരംഭകരുടെ ആവശ്യം പരിഹരിക്കാന്‍ സാധിക്കും. ഇതിലൂടെ പ്രമുഖ കമ്പനികളെ ഇന്‍ഫോപാര്‍ക്കിലേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ഏറുമെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവറോടു കൂടി കേരളത്തിലെ ഐടി-ഐടി അനുബന്ധ കമ്പനികള്‍ക്കായി ബ്രിഗേഡ് ഗ്രൂപ്പിന്റെ സാന്നിദ്ധ്യം വര്‍ധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രിഗേഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം ആര്‍ ജയശങ്കര്‍ പറഞ്ഞു. ഭൂമി ലഭിക്കുകയാണെങ്കില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇനിയും വിപുലീകരിക്കാന്‍ ബ്രിഗേഡ് ഗ്രൂപ്പിന് താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

infopark world trade center