ന്യൂഡല്‍ഹി: രാജ്യത്ത് വോഡഫോണ്‍ ഐഡിയ 5 ജി സേവനം ഉടന്‍ ആരംഭിക്കും. ആറുമാസത്തിനുള്ളില്‍ സേവനം പൂര്‍ണതോതില്‍ ആരംഭിക്കുമെന്ന് സി.ഇ.ഒ അക്ഷയ് മൂന്ദ്ര അറിയിച്ചു. 5ജി സര്‍വീസ് വ്യാപകമാക്കുന്നതിലൂടെ മറ്റ് സേവനദാതാക്കളിലേക്ക് പോകുന്ന ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് വോഡാഫോണ്‍ ഐഡിയ. ആദ്യ ഘട്ടത്തില്‍ വന്‍കിട നഗരങ്ങളിലും കൂടുതല്‍ 5ജി ഉപയോക്താക്കളുള്ള സ്ഥലങ്ങളിലുമാകും സര്‍വീസ് ആരംഭിക്കുക. ഇതിനുശേഷം മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് അക്ഷയ് വ്യക്തമാക്കി. അടുത്ത 24-30 മാസത്തിനുള്ളില്‍ മൊത്തം വരുമാനത്തിന്റെ 40 ശതമാനം വരെ 5ജിയില്‍ നിന്നാക്കുകയാണ് ലക്ഷ്യം.
17 പ്രധാന ടെലികോം സര്‍ക്കിളുകളില്‍ 5ജി കവറേജ് മെച്ചപ്പെടുത്തുന്നതിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ 55,000 കോടി രൂപ നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനൊപ്പം 4ജിയില്‍ സേവനങ്ങള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. 5ജി സംവിധാനം ഒരുക്കുന്നതിനായി നോക്കിയ, എറിക്സണ്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഉപയോക്താക്കള്‍ മറ്റ് സേവനദാതാക്കളിലേക്ക് പോകുന്നതിനൊപ്പം കമ്പനിയുടെ നഷ്ടവും വര്‍ധിക്കുകയാണ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,666 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 6,424 കോടി രൂപയായിരുന്നു. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 146 രൂപയിലേക്ക് ഉയര്‍ന്നത് മാത്രമാണ് വോഡാഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം പകരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 7.6 ശതമാനത്തിന്റേതാണ് വര്‍ധന.
വോഡാഫോണ്‍ ഐഡിയ കഴിഞ്ഞ മാസം ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്.പി.ഒ) 18,000 കോടി രൂപ സമാഹരിച്ചിരുന്നു.