വാഷിങ്ടണ്‍: ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി യുഎസ്. പ്രസിഡന്റ് ജോ ബൈഡനാണ് ഇറക്കുമതി വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ കമ്പനികളുടെയും യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
ഇലക്ട്രിക് വാഹന ബാറ്ററികള്‍, കംപ്യൂട്ടര്‍ ചിപ്പുകള്‍, സോളര്‍ സെല്ലുകള്‍, അലുമിനിയം, മരുന്നുകളും ചികിത്സാസമാഗ്രികളും തുടങ്ങി 1800 കോടി ഡോളര്‍ മൂല്യംവരുന്ന ഉല്‍പന്നങ്ങളുടെ തീരുവകളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ന്യായമായ മത്സരത്തിനു യുഎസ് തയാറാണെങ്കിലും വന്‍തോതില്‍ സബ്‌സിഡി നല്‍കി ചൈന വിലകുറഞ്ഞ ഉല്‍പന്നങ്ങള്‍ യുഎസ് വിപണിയില്‍ എത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബൈഡന്‍ പറഞ്ഞു.