ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുമതി. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് വിദേശ കറന്‍സി അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമുള്ളത്. വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുറക്കാനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി റിസര്‍വ് ബാങ്ക് ബുധനാഴ്ച വിജ്ഞാപനമിറക്കിയിരുന്നു.
വിദേശത്ത് വസ്തു വാങ്ങാനും ഇന്‍ഷുറന്‍സെടുക്കാനും വിദേശ കറന്‍സിയില്‍ സ്ഥിര നിക്ഷേപം നടത്താനും വിദ്യാഭ്യാസ വായ്പ അടയ്ക്കാനും സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്ക് സമ്മാനമയക്കാനുമൊക്കെ ഇന്ത്യയിലുള്ളവര്‍ക്ക് ഇനി എളുപ്പത്തില്‍ സാധിക്കും.
വിദേശ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിനും വിദേശ സര്‍വകലാശാലകളിലെ ഫീസ് അടയ്ക്കുന്നതിനും മാത്രമായിരുന്നു നിലവില്‍ ഇത്തരം അക്കൗണ്ടുകളിലൂടെ കഴിഞ്ഞിരുന്നത്. പുതുക്കിയ വ്യവസ്ഥ പ്രകാരം വിദേശത്ത് സ്വത്ത് വാങ്ങുന്നതിനോ ഇന്‍ഷുറന്‍സ് എടുക്കുന്നതിനോ, നിക്ഷേപം നടത്തുന്നതിനോ ചികിത്സക്കോ എല്‍ആര്‍എസ് വഴി അക്കൗണ്ട് തുടങ്ങുന്നതിനും പണം കൈമാറുന്നതിനും കഴിയും.
ഗിഫ്റ്റ് സിറ്റിയിലെ ബാങ്ക് അക്കൗണ്ടില്‍ ഡോളര്‍ ഉള്‍പ്പടെയുള്ള വിദേശ കറന്‍സികള്‍ ഉപയോഗിച്ച് സ്ഥിര നിക്ഷേപം തുടങ്ങാന്‍ ഇന്ത്യയിലുള്ളവര്‍ക്ക് സൗകര്യം ലഭിക്കും. വിദേശ വിനിമയ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും തടസ്സങ്ങളില്ലാതെ പണമയക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ സഹായകരമാകും.