തിരുവനന്തപുരം : ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥാ റിപ്പോര്‍ട്ടില്‍ (ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട്-ജിഎസ്ഇആര്‍) കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യത്തിന്റെ വര്‍ധന ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടിയിലധികമായി രേഖപ്പെടുത്തി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം ആഗോള ശരാശരിയായ 46 ശതമാനത്തേക്കാള്‍ അഞ്ചിരട്ടിയോളം വര്‍ധിച്ചത് 254 ശതമാനമാണ്. 14203 കോടിയില്‍പരം രൂപയാണ് (1.7 ശതകോടി ഡോളര്‍) കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം.
2019- 2021 കാലയളവിനും 2021-2023 കാലയളവിനും ഇടയില്‍ ആരംഭിച്ച കമ്പനികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ മൂല്യത്തിലെ വര്‍ധനവ് ജിഎസ്ഇആര്‍ കണക്കാക്കുന്നത്. അഫോര്‍ഡബിള്‍ ടാലമന്റ് വിഭാഗത്തില്‍ ഏഷ്യയില്‍ കേരളത്തിനാണ് നാലാം സ്ഥാനം. ഏഷ്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ, വെഞ്ച്വര്‍ മൂലധന സമാഹരണം എന്നിവയില്‍ ആദ്യ 30 ലാണ് കേരളത്തിന്റെ സ്ഥാനം. വിജ്ഞാനം, നിക്ഷേപം, അവതരണം എന്നിവയില്‍ ഏഷ്യയിലെ ആദ്യ 35 നുള്ളിലും കേരളം എത്തി.