ന്യൂയോര്‍ക്ക് : ടെസ്ലയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഉത്പാദനം അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. ഈ റോബോട്ടുകളെ ആദ്യം ടെസ്ലയാണ് ഉപയോഗിക്കുകയെന്നും 2026 മുതല്‍ ആയിരിക്കും വില്‍പനയ്ക്ക് വേണ്ടിയുള്ള അവയുടെ ഉല്പാദനം ആരംഭിക്കുകയെന്നും മസ്‌ക്. ഒപ്റ്റിമസ് എന്നാണ് ടെസ്ല നിര്‍മിച്ചിരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പേര്. ഈ വര്‍ഷം അവസാനത്തോടെ ഒപ്റ്റിമസ് റോബോട്ടുകളെ ടെസ്ല ഫാക്ടറിയില്‍ വിന്യസിക്കാനാകുമെന്നാണ് ഇലോണ്‍ മസ്‌ക് മുമ്പ് പറഞ്ഞിരുന്നത്.
2025 ല്‍ മറ്റ് കമ്പനികളിലേക്കും ഒപ്റ്റിമസിനെ എത്തിക്കുമെന്നും മസ്‌ക് കഴിഞ്ഞമാസം ടെക്സാസില്‍ നടന്ന ഓഹരി ഉടമകളുടെ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു. 2021 ല്‍ കമ്പനിയുടെ ഒരു എഐ ദിന പരിപാടിയില്‍ വെച്ചാണ് തങ്ങള്‍ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ വികസിപ്പിക്കുന്നുണ്ടെന്ന് മസ്‌ക് ആദ്യം വെളിപ്പെടുത്തിയത്. ഈ വേദിയില്‍ ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ആദ്യ രൂപം മസ്‌ക് പരിചയപ്പെടുത്തിയിരുന്നു. പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ വന്ന ഒപ്റ്റിമസ് റോബോട്ട്, ഇപ്പോള്‍ 'ഐ റോബോട്ട്' എന്ന ഹോളിവുഡ് ചിത്രത്തിലെ റോബോട്ടുകളെ പോലെയാണ് കാണാന്‍.