ന്യൂഡല്‍ഹി: ക്ഷേത്ര മ്യൂസിയം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് ടാറ്റാ ഗ്രൂപ്പ്. ലോകോത്തര ന്ിലവാരത്തിലുള്ള മ്യൂസിയം അയോധ്യയിലായിരിക്കും ഒരുക്കുക. 650 കോടി രൂപ മുതല്‍മുടക്കിലായിരിക്കും മ്യൂസിയം നിര്‍മ്മിക്കുക. രാജ്യത്തിന്റെ പൗരാണിക സംസ്‌കാരവും ആധുനിക സാംസ്‌കാരിക തനിമയും സംയോജിപ്പിച്ചായിരിക്കും മ്യൂസിയത്തിന്റെ നിര്‍മാണം. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് ടാറ്റ ഗ്രൂപ്പ് മ്യൂസിയം ഒരുക്കുക. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് 25 ഏക്കര്‍ സ്ഥലം പദ്ധതിക്ക് സൗജന്യമായി നല്‍കും. ഈ സ്ഥലം 90 വര്‍ഷത്തേക്ക് ഒരു രൂപ പാട്ടത്തിനുമായിരിക്കും നല്‍കുക. ലഖ്നൗവില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അയോധ്യയില്‍ ക്ഷേത്ര മ്യൂസിയം എന്ന നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്.
ക്ഷേത്ര മ്യൂസിയം നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും യുപി സര്‍ക്കാരും ടാറ്റ സണ്‍സും ചേര്‍ന്ന് ധാരണാപത്രം ഒപ്പിടും. ലഖ്നൗ, പ്രയാഗ്രാജ്, കപില്‍വാസ്തു എന്നിവിടങ്ങളില്‍ പിപിപി മാതൃകയില്‍ ഹെലിപാഡുകള്‍ നിര്‍മ്മിച്ച് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.