ന്യൂഡല്‍ഹി: ടി പ്ലസ് സീറോ വ്യാപാരം മാര്‍ച്ച് 28 മുതല്‍ ആരംഭിക്കാന്‍ ഒരുങ്ങി ബിഎസ്ഇ. ഓഹരി വിറ്റാല്‍ ഉടനടി പണം നല്‍കുന്ന രീതിയാണ് ടി പ്ലസ് സീറോ വ്യാപാരം. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന വ്യാപാരം രാവിലെ 9.15 മുതല്‍ 1.30 വരെ നടക്കും. നിലവില്‍ ഓഹരികള്‍ ഇടപാട് നടത്തി ഒരു ദിവസത്തിനകം ഡീമാറ്റ് അക്കൗണ്ടിലെത്തുന്ന ട്രേഡ് പ്ലസ് വണ്‍ (ടി പ്ലസ് വണ്‍) വ്യാപാര രീതിയാണുള്ളത്. ഓഹരികള്‍ വിറ്റാല്‍ പണം ലഭിക്കുന്നതും ഒരു ദിവസത്തിനകമാണ്.
ആദ്യ ഘട്ടത്തില്‍ 25 ഓഹരികള്‍ക്ക് മാത്രമായി ടി പ്ലസ് സീറോ വ്യാപാര രീതി പരിമിതപ്പെടുത്തും. തിരഞ്ഞെടുത്ത ചില ബ്രോക്കേഴ്സിന് മാത്രമേ ഇതില്‍ പങ്കെടുക്കാനാകൂ. അതേസമയം നിക്ഷേപകര്‍ക്ക് എല്ലാവര്‍ക്കും പങ്കെടുക്കാം.
ടി പ്ലസ് സീറോ വ്യാപാര രീതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സെബി പുറത്തുവിട്ടു.
ടി പ്ലസ് വണ്‍ വ്യാപാര രീതിയില്‍ വരുന്ന എല്ലാ ചാര്‍ജുകളും ഫീസുകളും (ട്രാന്‍സാക്ഷന്‍ ചാര്‍ജ്, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ്, റഗുലേറ്ററി ടേണോവര്‍ ഫീ) ടി പ്ലസ് സീറോ വ്യാപാര രീതിക്കും ബാധകമാണ്.മാര്‍ച്ച 21 നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ടി+0 സെറ്റില്‍മെന്റിന്റെ ബീറ്റ വേര്‍ഷന്‍ ഫ്രെയിം വര്‍ക്ക് പുറത്തു വിട്ടത്.