ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വാഹന വിപണിയുടെ വിപണി മൂല്യം 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 19 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമൊബൈല്‍ ഗവേഷണ ഏജന്‍സിയായ പ്രൈമൂസ് പാര്‍ട്ട്ണേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതോടൊപ്പം ഇന്ത്യയിലെ വാഹന ഉത്പാദനത്തിലും പത്ത് ശതമാനം വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ പിന്നിലുള്ള മൂന്നാമത്തെ ആഗോള വാഹന ഉത്പാദകരായി ഇന്ത്യ മാറി.
ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും വിപണി മൂല്യത്തില്‍ ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
അതേസമയം ലോകത്തിലെ മറ്റ് പ്രധാന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ശരാശരി വാഹന വില വളരെ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എസ്.യു.വി, യു.വി എന്നിവയുടെ വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 39 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഈ രണ്ട് സെഗ്മെന്റുകളില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 23 ശതമാനവും മൂല്യത്തില്‍ 16 ശതമാനവും വര്‍ദ്ധനയുണ്ടായി.