മുംബൈ: മുന്നേറ്റം തുടർന്ന് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്‌സ് 500 പോയിന്റ് മുന്നേറി 82,000 എന്ന സൈക്കോളജിക്കൽ ലെവൽ മറികടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിന് അടുത്ത നയസമിതി യോഗത്തിൽ മുഖ്യ പലിശനിരക്ക് കുറയ്ക്കുമെന്ന് ആർബിഐ അറിയിച്ചതിന് പിന്നാലെയായിരുന്നു ഓഹരി വിപണിയിലും മുന്നേറ്റം ദൃശ്യമായത്.
തുടർച്ചയായി പത്താം തവണയും മുഖ്യ പലിശനിരക്കിൽ മാറ്റം വരുത്തേണ്ട എന്ന നിലപാടാണ് ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി സ്വീകരിച്ചത്. എന്നാൽ അടുത്ത പോളിസി കമ്മിറ്റി യോഗത്തിൽ പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷ നൽകിയാണ് ആർബിഐ 'ന്യൂട്രൽ' എന്ന നിലപാടിലേക്ക് മാറിയത്. ബാങ്കിങ്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടം ഉണ്ടാക്കിയത്.
എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, പവർ ഗ്രിഡ് ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ ഐടിസി, എച്ച് യുഎൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികൾ നഷ്ടം നേരിട്ടു.