മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 814 പോയന്റ് നഷ്ടത്തില്‍ 81,026ലേക്ക് തിരിച്ചെത്തി. 282 പോയന്റ് താഴ്ന്ന് നിഫ്റ്റി 24,728ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 4.26 ലക്ഷം കോടി രൂപ കുറഞ്ഞ് 457.36 ലക്ഷം കോടിയിലെത്തി.
പ്രധാന സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു. നിഫ്റ്റി സ്മോള്‍, മിഡ് ക്യാപ് സൂചികകളില്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടന്നത്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ഒഎന്‍ജിസി ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്സി ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍, എച്ച്യുഎല്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്.
ആഗോള വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ നിക്ഷേകപര്‍ക്ക് 4.26 ലക്ഷം കോടി രൂപ നഷ്ടമായി. ഡോ ജോണ്‍സ് 1.75 ശതമാനം നഷ്ടത്തില്‍ 40,200ലും എസ്ആന്‍ഡ്പി 500 സൂചിക 1.76 ശതമാനം താഴ്ന്ന് 5,424ലിലും നാസ്ദാക്ക് 2.67 ശതമാനം തകര്‍ന്ന് 17,114ലുമാണ് ക്ലോസ് ചെയ്തത്.