മുംബൈ: അഞ്ചുദിവസത്തെ ഇടിവിനുശേഷം വീണ്ടും കുതിപ്പ് തുടര്‍ന്ന് ഓഹരിവിപണി. വ്യാഴാഴ്ച സെന്‍സെക്‌സ് വീണ്ടും 81,000 പോയിന്റും നിഫ്റ്റി 24,800 പോയിന്റും മറികടന്നു. രാവിലെ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ വ്യാപാരം പുരോഗമിച്ചതോടെ ശക്തമായ മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 1292.92 പോയിന്റ് കയറി 81,332.72 പോയിന്റിലവസാനിച്ചു. നിഫ്റ്റി 428.75 പോയിന്റ് കയറി 24,834.85 പോയിന്റില്‍ വ്യാപാരം നിര്‍ത്തി. അവസാന മണിക്കൂറിലെ മുന്നേറ്റത്തില്‍ നിഫ്റ്റി 24,861 പോയിന്റില്‍ പുതിയ ഉയരവും കുറിച്ചു.
മൂലധനനേട്ട നികുതി കൂട്ടിയതിനെത്തുടര്‍ന്ന് ബജറ്റിനുശേഷം വിപണി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മൂലധനനേട്ട നികുതി വകവെക്കാതെ വെള്ളിയാഴ്ച വിപണി ശക്തമായി തിരിച്ചുവരുകയായിരുന്നു. രണ്ടാംപാദത്തില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളരുമെന്ന പ്രതീക്ഷയും വിപണിയില്‍ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഇത് ഐ.ടി. ഓഹരികളുടെവില ഉയര്‍ത്തി. എംഫസിസ്, വിപ്രോ, എച്ച്.സി.എല്‍. ടെക്‌നോളജീസ് തുടങ്ങിയ കമ്പനികള്‍ ആറുശതമാനത്തിലധികം നേട്ടമുണ്ടാക്കി. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തില്‍ നിക്ഷേപകര്‍ക്ക് 7.16 ലക്ഷം കോടിരൂപയുടെ നേട്ടമാണുണ്ടായത്. ബി.എസ്.ഇ.യില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 456.92 ലക്ഷം കോടി രൂപയിലെത്തിയതോടെയാണിത്.