ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികളില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആറുശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് കാറുകളുടെ രജിസ്ട്രേഷന്‍ ഫീസ് യുപി സര്‍ക്കാര്‍ ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു മാരുതി സുസുക്കിയുടെ ഓഹരികളില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ആദ്യ വ്യാപാരത്തില്‍ നിഫ്റ്റി 50 ലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.
മാരുതി സുസുക്കി ഓഹരി വില 5.71 ശതമാനം ഉയര്‍ന്ന് 12,710 രൂപയിലെത്തി. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശക്തമായ ഹൈബ്രിഡുകള്‍ക്കും പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം കിഴിവ് നല്‍കുന്നു. ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുന്ന മാരുതി, ഹോണ്ട, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ക്ക് തീരുമാനത്തിന്റെ പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്.
ഹൈബ്രിഡ് കാര്‍ വിഭാഗത്തില്‍ ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ തുടങ്ങിയ മോഡലുകളാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. 2024 നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഉത്തര്‍പ്രദേശിലെ യാത്രാ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.5% വര്‍ധിച്ച് 2.36 ലക്ഷം യൂണിറ്റായി.
യുപി സര്‍ക്കാര്‍ നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെ എക്‌സ് ഷോറൂം വിലയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനം റോഡ് നികുതിയും 10 ലക്ഷം രൂപയില്‍ കൂടുതല്‍ എക്‌സ് ഷോറൂം വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്.