കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ വിപണിമൂല്യം 50,000 കോടി രൂപ പിന്നിട്ടു. ബാങ്കിന്റെ ഓഹരി വില വ്യാഴാഴ്ച 1.56 ശതമാനം ഉയര്‍ന്ന് 204.60 രൂപയിലെത്തിയതോടെ വിപണിമൂല്യം 50,070.85 കോടി രൂപയായി ഉയര്‍ന്നു. വ്യാപാരത്തിനിടെ ഒരവസരത്തില്‍ 205 രൂപ വരെയെത്തി റെക്കോഡുമിട്ടു. ഇതോടെ, രാജ്യത്ത് ഏറ്റവുമധികം വിപണിമൂല്യമുള്ള 200 കമ്പനികളുടെ നിരയിലേക്ക് ഫെഡറല്‍ ബാങ്ക് കയറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 54.35 ശതമാനം കുതിപ്പാണ് ബാങ്കിന്റെ ഓഹരിയിലുണ്ടായത്. 2024 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്ക് 1,010 കോടി രൂപയുടെ റെക്കോഡ് അറ്റാദായവുമായി മികച്ച പ്രവര്‍ത്തനഫലം കാഴ്ചവെച്ചിരുന്നു.
വിപണിമൂല്യം 50,000 കോടി രൂപയുടെ മുകളിലെത്തുന്ന കേരളത്തില്‍നിന്നുള്ള അഞ്ചാമത്തെ കമ്പനിയാണ് ഫെഡറല്‍ ബാങ്ക്. സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് (69,883 കോടി രൂപ), കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണ കമ്പനിയായ ഫാക്ട് (65,215 കോടി രൂപ), കപ്പല്‍നിര്‍മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (64,769 കോടി രൂപ), ജൂവലറി ശൃംഖലയായ കല്യാണ്‍ ജൂവലേഴ്സ് (59,152 കോടി രൂപ) എന്നിവയാണ് കേരളത്തില്‍നിന്ന് ഈ നേട്ടം കൈവരിച്ച മറ്റു കമ്പനികള്‍.